കലയും സേവനവും ജീവിതമുദ്രയാക്കിയ ഓഫീസ് സൂപ്രണ്ടിന് കലാ സായാഹ്നമൊരുക്കി പ്രധാന അധ്യാപകരുടെ യാത്രയയപ്പ്
തൃശൂർ: വലപ്പാട് ഉപജില്ല എ ഇ ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ജസ്റ്റിൻ തോമസിനാണ് പ്രധാന അധ്യാപകർ കലാ സായാഹ്നമൊരുക്കി വികാരനിർഭരമായ യാത്രയയപ്പ് നല്കിയത്. വലപ്പാട് നടന്ന യോഗത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ ബി ബീന ചടങ്ങ് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തി. ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ടി രജനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, തളിക്കുളം ബി പി സി മോഹൻരാജ് മുഖ്യാതിഥിയായി. ഉപജില്ലയുടെ യശസ്സിനായി ജസ്റ്റിൻ തോമസ് നടത്തിയ കലാ സേവന പ്രവർത്തനങ്ങൾക്കായുള്ള കൃതജ്ഞതയായാണ് പ്രധാന അധ്യാപകർ കലാ സായാഹ്നമൊരുക്കിയത്.
മൂന്ന് വർഷം മുമ്പാണ് വലപ്പാട് ഉപജില്ല എ ഇ ഒ ഓഫീസിൽ സീനിയർ സൂപ്രണ്ടായി ജസ്റ്റിൻ തോമസ് എത്തുന്നത്. സാങ്കേതിക തടസ്സങ്ങളിൽ കാലങ്ങളായി കുരുങ്ങിക്കിടന്നിരുന്ന അധ്യാപകരുടെ സേവന പ്രശ്നങ്ങൾ അതിവേഗം പരിഹരിച്ചും, ഏതു സമയവും അധ്യാപകർക്ക് ഓഫീസ് കാര്യങ്ങളിൽ ബന്ധപ്പെടാവുന്ന സാഹചര്യം ഉണ്ടാക്കിയും അധ്യാപകരുടെ ഹൃദയം കവർന്ന സൂപ്രണ്ടാണ് ജസ്റ്റിൻ തോമസ്.
ഉപജില്ലയിലെ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും പ്രതിഭാശേഷീ വികസനത്തിനായി നിരവധി കലാപദ്ധതികളും ജസ്റ്റിൻ തോമസിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയിട്ടുണ്ട് . കൊവിഡ് കാലത്ത് വീടകങ്ങളിൽ ഒതുങ്ങേണ്ടിവന്ന വിദ്യാർത്ഥികൾക്കായി വിദ്യാലയ പ്രതീക്ഷയുടെ വെളിച്ചം പകരുന്ന കുഞ്ഞിക്കുരുവികൾ എന്ന സംഗീതശില്പം,കൊവിഡിൽ അനാഥനായ വിദ്യാർത്ഥിയുടെ മാനസിക സംഘർഷം ചിത്രീകരിക്കുന്ന അകലങ്ങളിൽ എന്ന ഹ്രസ്വ ചല ചിത്രം എന്നിവ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധയാകർഷിച്ചിരുന്നു.
പ്രധാന അധ്യാപകരുടെ ഗാനാലാപനം, നൃത്ത നൃത്ത്യങ്ങൾ, ഓർമ്മകൾ പങ്കു വെക്കൽ എന്നിവ കൊണ്ട് വികാരനിർഭരമായിരുന്നു യാത്രയയപ്പ് യോഗം.