ഫാം പ്ലാനുകകൾ മൂല്യവർദ്ധിത കാർഷിക മിഷനായുള്ള ചുവടുവയ്പ്പ്: മന്ത്രി പി പ്രസാദ്

വിളയെ അടിസ്ഥാനമാക്കിയുള്ള കൃഷിരീതിയിൽ നിന്നും കൃഷിയിടത്തെ അടിസ്ഥാനമാക്കി മണ്ണറിഞ്ഞ് ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ബഹുവിള കൃഷിയാണ് ഫാം പ്ലാനുകൾ ലക്ഷ്യം വെക്കുന്നതെന്നും ഫാം പ്ലാനുകൾ മൂല്യവർധിത കാർഷിക മിഷനിലേക്കുള്ള ചുവടുവെപ്പാണെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. 10,000 ഫാം പ്ലാനുകളുടെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കർഷകന് കൃഷിയിലൂടെ അന്തസായ ജീവിതം ഉറപ്പുവരുത്തുന്നതിനും കാർഷിക ഉത്പന്നങ്ങൾക്ക് വിലയും വിപണിയും ലഭ്യമാക്കി പുതിയ കാർഷിക സംസ്കാരമാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നത്. ഉൽപാദനം സംഭരണം സംസ്കരണം വിപണനം തുടങ്ങി എല്ലാ ഘട്ടങ്ങളിലുമുള്ള കർമ്മപദ്ധതിയുമായിട്ടാണ് മുന്നോട്ടുപോകുന്നത്. ഫാം പ്ലാനുകൾക്ക് ഉൽപ്പാദനത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുസരിച്ച് കൃഷിരീതിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും സാധിക്കും. മുൻവർഷങ്ങളേക്കാൾ കാർഷിക മേഖലയിലെ വളർച്ചയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. കൃഷിയിലെ ലാഭം കാർഷിക ഉത്പന്നങ്ങളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പനങ്ങളിൽ നിന്നും ഒരുപോലെ കണ്ടെത്തുന്നത് കൃഷിയെ കൂടുതൽ വരുമാനം ഉള്ളതാക്കും. ഫാം പ്ലാനുകൾക്ക് കീഴിൽ സർക്കാർ കൃഷിക്കൂട്ടങ്ങൾ രൂപീകരിക്കും. കൃഷിക്കൂട്ടങ്ങൾ വഴി മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുകയും കേരള അഗ്രോ ബ്രാൻഡിംഗ് വഴി വിപണനം നടത്തും. ഓരോ പ്രാദേശിക കർഷകനും അവരുടെ ഉൽപ്പന്നങ്ങൾക്ക് കൃഷി ഓഫീസറുടെ സർട്ടിഫിക്കേഷനിലൂടെ കേരള അഗ്രോ ബ്രാൻഡ് നെയിം ലഭിക്കും. ഗുണമേന്മയുള്ള പാക്കിംഗ് സൗകര്യം ഉറപ്പുവരുത്തുന്നതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങു മായി ബന്ധപ്പെട്ട് പരിശീലനവും നൽകും. സംഭരണത്തിനും ശീതീകരണത്തിനും എല്ലാം പുതിയ സാങ്കേതിവിദ്യകൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പി പ്രസാദ് കൂട്ടിച്ചേർത്തു.

വരവൂർ ഗവ. എൽപി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷനായി. കർഷകനെ കൃഷിയിൽ തന്നെ നിലനിർത്താൻ ഫാം പ്ലാനുകളുടെ പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കൃഷിയിലൂടെ ന്യായമായ വരുമാനം കണ്ടെത്തുവാനും കർഷകന് ആത്മവിശ്വാസം നൽകുവാനും സാധിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രാദേശിക ഉത്പന്നങ്ങളുടെ പ്രീമിയം ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. കാർഷിക ഉത്പന്നങ്ങൾ സമാഹരിക്കുന്നതിനുള്ള അഗ്രിഗേഷൻ സെന്ററുകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു.

ചടങ്ങിൽ ജില്ലാതല കാർഷികമേളയും കാർഷിക സെമിനാറും നടന്നു. ജില്ലയിലെ 16 ബ്ലോക്കുകളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെ സ്റ്റാളുകളിൽഅന്തിക്കാട് ബ്ലോക്ക് ഒന്നാം സ്ഥാനവും മുല്ലശ്ശേരി ബ്ലോക്ക് രണ്ടാം സ്ഥാനവും കൊടകര ബ്ലോക്ക് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഫാം പ്ലാനുകളുടെ സുസ്ഥിര വരുമാനം മാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രമോദ് മാധവൻ സെമിനാർ നയിച്ചു. വടക്കാഞ്ചേരി മുൻസിപ്പൽ ചെയർമാൻ പി എൻ സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ എസ് ബസന്ത് ലാൽ, ഗിരിജ മേലേടത്ത്, കെ ജയരാജ്, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വി നഫീസ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം മുഹമ്മദ് അഷറഫ്, ജില്ലാ കാർഷിക വികസന സമിതി അംഗം ടി എ കാസിം, ഡയറക്ടർ കെ എസ് അഞ്ജു, അസിസ്റ്റന്റ് ഡയറക്ടർ എസ് ശ്രീകല, പ്രിൻസിപ്പൽ കൃഷി ഓഫീസർ സൈജ ജോസ്, അസോസിയേറ്റ് പ്രൊഫസർ എ ലത, ആത്മ പ്രൊജക്ട് ഡയറക്ടർ നീന കെ മേനോൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Posts