'ഫാം സ്കൂൾ' പാഠശാലക്ക് വലപ്പാട് പഞ്ചായത്തിൽ തുടക്കമായി.
വലപ്പാട്: സംസ്ഥാന സർക്കാരിൻ്റെ റീ ബിൽഡ് കേരള ഇനീഷിയേറ്റീവിൻ്റെ ധനസഹായത്തോടെ കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് നടപ്പിലാക്കുന്ന കാർഷിക ജൈവ വൈവിദ്ധ്യ സംരക്ഷകരായ കർഷകർക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയുടെ ഭാഗമായ 'ഫാം സ്കൂൾ' അഥവാ കാർഷിക പാഠശാലക്ക് തുടക്കമായി. കാർഷിക ജൈവ വൈവിദ്ധ്യം, വിത്ത് സൂക്ഷിപ്പ്, കാർഷിക സമ്പ്രദായങ്ങൾ, മണ്ണിൻ്റെ ഫലപുഷ്ടി, നാട്ടറിവുകൾ എന്നിവയെ കുറിച്ച് 'ഫാം സ്കൂളുകൾ' വിജ്ഞാനം പകരുവാനാണ് കാർഷിക പാഠശാലകളുടെ ലക്ഷ്യം. വലപ്പാട് പഞ്ചായത്ത് രണ്ടാം വാർഡിൽ സമ്മിശ്ര കർഷകനായ ഡോ. ദീപു ഇ എസ് ൻ്റെ വസതിയിൽ വെച്ച് ജില്ലയിലെ ആദ്യത്തെ ഫാം സ്ക്കൂളിലൊന്നിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് നിർവ്വഹിച്ചു. കൃഷി ഓഫീസർ ഷാജിത റഹ്മാൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ബിജോഷ് ആനന്ദൻ, വാർഡ് മെമ്പർ രശ്മി ഷിജോ, ഡോ. ദീപു, സി.കെ കുട്ടൻ, ആദിഷ് രാജ് എന്നിവർ സംസാരിച്ചു. കാർഷിക സർവ്വകലാശാല മുൻ ഡയറക്ടർ ഡോ. സി കെ പീതാംബരൻ ക്ലാസ്സ് നയിച്ചു.