സർക്കാരിനെ മറിച്ചിടാൻ കർഷകർക്കാവും; നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കെ ചന്ദ്രശേഖര റാവു
കർഷകർ ഭിക്ഷക്കാർ അല്ലെന്നും രാജ്യത്തിൻ്റെ അന്നദാതാക്കളാണെന്നും സർക്കാരിനെ മറിച്ചിടാനുള്ള കരുത്ത് അവർക്കുണ്ടെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. 'ഒരു രാജ്യം ഒരു ഭക്ഷ്യധാധ്യ സംഭരണ നയം' എന്ന ആവശ്യമുയർത്തി രാജ്യ തലസ്ഥാനത്ത് നടന്ന ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങൾ ഉയർത്തിയ ആവശ്യങ്ങളോട് പ്രതികരിക്കാൻ തെലങ്കാന രാഷ്ട്ര സമിതി നേതാവ് കൂടിയായ കെ സി ആർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 24 മണിക്കൂർ സമയപരിധി നൽകി. സംസ്ഥാനത്ത് നിന്ന് കേന്ദ്രം പുഴുക്കലരി സംഭരിക്കുമോ എന്ന കാര്യത്തിൽ ഉടൻ പ്രതികരിക്കണം. 24 മണിക്കൂറിനുള്ളിൽ സർക്കാർ പ്രതികരിച്ചില്ലെങ്കിൽ രാജ്യത്തുടനീളം കർഷക പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ സി ആർ പറഞ്ഞു. പുതിയ കാർഷിക നയം ഉടൻ രൂപീകരിച്ചില്ലെങ്കിൽ കർഷകർ സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം മോദിക്ക് മുന്നറിയിപ്പ് നൽകി.