കർഷകർക്ക് സമരം ചെയ്യാൻ അവകാശമുണ്ട്, എന്നാൽ അനിശ്ചിതകാലം റോഡുകൾ ഉപരോധിക്കാനാവില്ല: സുപ്രീം കോടതി

കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം ചെയ്യാൻ കർഷകർക്ക് അവകാശമുണ്ടെങ്കിലും അനിശ്ചിതകാലം റോഡുകൾ ഉപരോധിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. റോഡിൽനിന്നും പ്രതിഷേധക്കാരെ ഒഴിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടയിലാണ് ജസ്റ്റിസ് എസ് കെ കൗൾ അധ്യക്ഷനായ ബെഞ്ച് പ്രസ്തുത പരാമർശം നടത്തിയത്. നോയ്ഡ സ്വദേശിയായ മോണിക്ക അഗർവാളാണ് ഹർജിക്കാരി.

ഡൽഹിയിലെ അതിർത്തി പ്രദേശങ്ങളിലെ റോഡ് ഉപരോധിച്ചു കൊണ്ടുള്ള സമരം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഒരു വർഷക്കാലമായി കർഷകർ നടത്തിവരുന്ന സമരം പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും അവരുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നതാണെന്നും ഹർജിയിൽ പറയുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കർഷക യൂണിയനുകൾക്ക് സുപ്രീം കോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചു. ഡിസംബർ 7-ന് കേസിൽ വീണ്ടും വാദം കേൾക്കും.

Related Posts