ഫാദർ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു
തൃശ്ശൂർ: വിമാചന ആശയങ്ങൾ മുൻനിർത്തിയുള്ള ബൈബിൾ വ്യാഖ്യാനത്തിലൂടെ കേരളീയ ധൈഷണിക മണ്ഡലത്തിൽ ശ്രദ്ധേയനായ ഫാദർ ജോസ് ചിറ്റിലപ്പിള്ളി അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നു. സഭയ്ക്കുള്ളിൽ ജനാധിപത്യം വികസിപ്പിക്കുന്നതിനും അഴിമതി രഹിതമായ വ്യവസ്ഥ ഉറപ്പാക്കുന്നതിനും വേണ്ടി ശബ്ദമുയർത്തിയ പരിഷ്കർത്താവായിരുന്നു. 1990 കളിലെ സാക്ഷരതാ പ്രസ്ഥാന കാലത്ത് അതിൽ സജീവമായി ഇടപെട്ട് പ്രവർത്തിച്ചിരുന്നു. ബിഹാറിലും സാക്ഷരതാ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഫാദർ ജോസ് ചിറ്റിലപ്പിള്ളിയുടെ സാമൂഹ്യ സംഭാവനകൾ ഓർത്തെടുക്കുന്ന പുസ്തകം അണിയറയിൽ ഒരുങ്ങുന്നതിനിടയിലാണ് അന്ത്യം. പ്രൊഫ. എ എ ബേബി, പ്രൊഫ. എം എൻ സുധാകരൻ, എൻ രാജൻ, പി എസ് ഇക്ബാൽ, ഇ ഡി ഡേവിസ് എന്നിവരാണ് പ്രസിദ്ധീകരണ സമിതിയിൽ ഉള്ളത്. 'ഫാദർ ജോസ് ചിറ്റിലപ്പിള്ളി: വിമോചനാത്മക ആത്മീയതയുടെ ജീവിത വഴികൾ' എന്നാണ് പുസ്തകത്തിൻ്റെ പേര്.
തൃശൂർ സെൻ്റ് തോമസ് കോളെജിലെ പഠന കാലത്ത് എസ് എഫ് ഐ പ്രതിനിധിയായി ചെയർമാനം സ്ഥാനം വഹിച്ചിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഫാദർ സ്റ്റാൻ സ്വാമി ഉൾപ്പെടെയുള്ള മനുഷ്യാവകാശ പ്രവർത്തകരുമായി സൗഹൃദം ഉണ്ടായിരുന്നു.