സിഗ്നൽ സംവിധാനത്തിൽ തകരാര്‍: അമേരിക്കയിൽ വിമാന സര്‍വീസുകള്‍ മുടങ്ങി
വാഷിങ്ടണ്‍: ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്‍റെ കമ്പ്യൂട്ടർ സംവിധാനത്തിലെ തകരാറ് കാരണം അമേരിക്കയില്‍ വ്യോമഗതാഗതം താറുമാറായി. എല്ലാ വിമാനങ്ങളും നിലത്തിറക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് വിമാനത്താവളങ്ങളിൽ തിരക്ക് അനുഭവപ്പെടുകയും യാത്രക്കാർ ദുരിതത്തിലാവുകയും ചെയ്തു. ആശയവിനിമയ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അധികൃതർ വെബ്സൈറ്റിലൂടെ അറിയിച്ചു. പൈലറ്റുമാരും വ്യോമഗതാഗതം സാധ്യമാക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും ഉപയോഗിക്കുന്ന NOTAM എന്ന സംവിധാനമാണ് തകരാറിലായത് എന്നാണ് വിവരം.