റഷ്യയെ ഭയമെന്ന് തുറന്നു സമ്മതിക്കൂ; നാറ്റോയോട് സെലൻസ്കി
റഷ്യയെ തങ്ങൾ ഭയക്കുന്നതായി തുറന്നു സമ്മതിക്കാൻ നാറ്റോയോട് ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കി. ഒന്നുകിൽ നിങ്ങൾ ഞങ്ങളെ അംഗീകരിക്കുന്നു എന്ന് പറയണം. അല്ലെങ്കിൽ റഷ്യയെ ഭയക്കുന്നതിനാൽ ഞങ്ങളെ അംഗീകരിക്കുന്നില്ല എന്ന കാര്യം തുറന്നു പറയണം.
ഉക്രേനിയൻ മാധ്യമമായ സസ്പിൽനേക്ക് നൽകിയ അഭിമുഖത്തിൽ സെലൻസ്കി ഇപ്രകാരം പറഞ്ഞതായി കീവ് ഇൻഡിപെൻഡൻഡാണ് റിപ്പോർട്ട് ചെയ്തത്. റഷ്യൻ ഭീതി നാറ്റോ തുറന്നു പറഞ്ഞാൽ അക്കാര്യം ശാന്തരായി തങ്ങൾ അംഗീകരിക്കുമെന്നും ഒത്തുതീർപ്പിനും യുദ്ധം അവസാനിക്കുന്നതിനും അത് വഴി തുറക്കുമെന്നും ഉക്രേനിയൻ പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
നാറ്റോയിൽ അംഗമാകാനുള്ള ഉക്രയ്‌ൻ്റെ നീക്കമാണ് റഷ്യയെ പ്രകോപിപ്പിച്ചതും യുദ്ധത്തിലേക്ക് നയിച്ചതുമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ നാറ്റോ അംഗത്വം അസാധ്യമാണെന്ന തിരിച്ചറിവിലേക്ക് സെലൻസ്കി എത്തിയിട്ടുണ്ട്. നേരത്തേ എ ബി സി ന്യൂസിന് നൽകിയ അഭിമുഖത്തിലും നാറ്റോ അംഗത്വ വിഷയത്തിൽ ഒത്തുതീർപിന് ഒരുക്കമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.