ഫെരാരിയുടെ ആദ്യ എസ് യു വി പുരോസാങ്ഗ്; ഔദ്യോഗിക അറിയിപ്പിന് മുന്നേ ചിത്രങ്ങൾ ചോർന്നു

ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫെരാരി പുറത്തിറക്കുന്ന ആദ്യ എസ് യു വി യാണ് പുരോസാങ്ഗ്. 4 സീറ്റ് ലേഔട്ടിൽ 5 ഡോറുകളുളള മിഡ് സൈസ് എസ് യു വി യുടെ രൂപകൽപ്പനയെ കുറിച്ചുള്ള ഊഹാപോഹങ്ങൾ കനക്കുന്നതിനിടെ സോഷ്യൽ മീഡിയയിലൂടെ വാഹനത്തിൻ്റെ ചിത്രങ്ങൾ പുറത്തായി.

പുരോസാങ്ഗ് എന്ന ഇറ്റാലിയൻ ബ്രീഡ് കുതിരയിൽ നിന്നാണ് വാഹനത്തിന് ആ പേര് ലഭിച്ചത്. 2020 മുതൽ പുരോസാങ്ഗ് എന്നത് ഒരു വ്യാപാരമുദ്രയാക്കാൻ ഫെരാരി ശ്രമിച്ചെങ്കിലും കുതിരകളുടെ ക്ഷേമത്തിനായുള്ള പുരോസാങ്ഗ് ഫൗണ്ടേഷൻ അതിനെതിരെ കേസ് ഫയൽ ചെയ്തതോടെ വിഷയം കോടതിയുടെ പരിഗണനയിലേക്ക് പോവുകയായിരുന്നു. അനുകൂല വിധി സമ്പാദിച്ചതിനെ തുടർന്നാണ് ആദ്യത്തെ എസ് യു വി ക്ക് ഫെരാരി ആ പേര് നൽകുന്നത്.

ലംബോർഗിനി ഉറുസ്, ആസ്റ്റൺ മാർട്ടിൻ ഡി ബി എക്സ്, ബെന്റ്‌ലി ബെന്റയ്‌ഗ എന്നിവയാണ് പുരോസാങ്ഗിൻ്റെ പ്രധാന എതിരാളികൾ. വർഷം തോറും 10,000 യൂണിറ്റ് വിറ്റഴിക്കാനാണ് ഫെരാരി ലക്ഷ്യമിടുന്നത്. 2023-ലാണ് വാഹനത്തിൻ്റെ ഡിസൈൻ ഔദ്യോഗികമായി പുറത്തു വിടുന്നതെന്ന് അറിയുന്നു. വാഹനത്തിൻ്റെ ഫ്രണ്ടും ബാക്കും പ്രദർശിപ്പിക്കുന്ന വിധത്തിലുള്ള ചിത്രങ്ങളാണ് പുറത്തുവന്നത്. മറ്റു മോഡലുകളെ അപേക്ഷിച്ച് ഉയരക്കുറവ് തോന്നിക്കുന്ന വാഹനത്തിന് ഒരു സ്പോർട്സ് കാറിൻ്റെ ലുക്കാണ് ഉള്ളത്.

Related Posts