ഫിഫ വിലക്ക്: ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരങ്ങൾ റദ്ദാക്കി
ദുബായ്: കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പ്രീ സീസൺ മത്സരങ്ങൾ റദ്ദാക്കി. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ ഫിഫ വിലക്കിയതാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്കും തിരിച്ചടിയായത്. മൂന്ന് സൗഹാർദ്ദ മത്സരങ്ങൾക്കും പരിശീലനത്തിനുമായി നിലവിൽ യു എ ഇ യിലാണ് ടീം ഉള്ളത്. ഇന്ത്യൻ ഫുട്ബോളുമായി സഹകരിക്കരുതെന്ന് അംഗരാജ്യങ്ങൾക്ക് ഫിഫ മുന്നറിയിപ്പ് നൽകിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്ലബ് മൽസരങ്ങൾ റദ്ദാക്കേണ്ടി വന്നത്. ശനിയാഴ്ച വൈകിട്ട് അൽനസ്ർ ക്ലബ്ബുമായി ആദ്യ മത്സരം നിശ്ചയിച്ചിരുന്നു. എന്നാൽ ഫിഫയുടെ വിലക്കിൽ രാജ്യാന്തര ക്ലബ്ബുമായി മത്സരിക്കാനാകില്ലെന്ന നിബന്ധന ടീമിന് തിരിച്ചടിയായി. ഐഎസ്എലി നു മുന്നോടിയായി യു എ ഇ യിലെ മൂന്നു ക്ലബ്ബുകളുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മൽസരങ്ങൾ നിശ്ചയിച്ചിരുന്നത്. മത്സരങ്ങൾ റദ്ദാക്കിയെങ്കിലും ടീം ദുബായിൽത്തന്നെ തുടരുമെന്നാണ് റിപ്പോർട്ട്. ഐഎസ്എൽ സീസണിനു മുന്നോടിയായി ടീമിന് ആവശ്യമായ പരിശീലന മത്സരങ്ങൾ ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.