ഖത്തര്‍ ലോകകപ്പില്‍ നിന്നും രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും റഷ്യയെ വിലക്കി ഫിഫ
സൂറിച്ച്: ഖത്തർ ലോകകപ്പിലെ യോഗ്യതാ മത്സരങ്ങളിൽ നിന്നും ജൂണിൽ നടക്കാനിരിക്കുന്ന വനിതാ യൂറോ കപ്പിൽ നിന്നും റഷ്യയെ വിലക്കി ഫിഫ. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും അനിശ്ചിതകാലത്തേക്കാണ് റഷ്യക്കുമേലുള്ള ഫിഫയുടെ വിലക്ക്. റഷ്യയുടെ ഫുട്‌ബോൾ ഭാവിക്ക് വൻ തിരിച്ചടിയാണ് ഇതുണ്ടാക്കുക. റഷ്യക്കെതിരെ ഫിഫ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് ശക്തമായ നടപടി വരുന്നത്.
ഇതോടെ ഖത്തർ ലോകകപ്പിലേക്ക് എത്താനുള്ള സാധ്യതകൾ റഷ്യക്ക് മുൻപിൽ അടയുകയാണ്. 2018 ലോകകപ്പിന് ആതിഥേയത്വം വഹിച്ച രാജ്യം ഇല്ലാതെയായിരിക്കും ഖത്തറിൽ 2022 ലോകകപ്പ്.
രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് റഷ്യൻ താരങ്ങളെയും ബെലാറസ് താരങ്ങളെയും വിലക്കണമെന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫിഫയുടെ തീരുമാനം.
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കാൻ റഷ്യയിലേക്കില്ലെന്ന് പോളണ്ട്, സ്വീഡൻ, ചെക്ക് റിപ്പബ്ലിക്ക് ടീമുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ റഷ്യക്കെതിരെ മത്സരിക്കില്ലെന്ന് ഇംഗ്ലണ്ടും വ്യക്തമാക്കിയിരുന്നു. റഷ്യയിൽ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരങ്ങൾക്ക് ഫിഫ വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്നു. മറ്റ് രാജ്യങ്ങളിലെ വേദികളിൽ റഷ്യ മത്സരിക്കാൻ എത്തിയാൽ ദേശീയ പതാക, ദേശീയ ഗാനം എന്നിവയ്ക്കും വിലക്കുണ്ടായിരിക്കും. ഫിഫയുടെ ഗവേണിങ് ബോഡിയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരുന്നത്. പിന്നാലെയാണ് റഷ്യയെ വിലക്കാൻ ഫിഫ തീരുമാനം വന്നത്.