ഉക്രയ്ൻ യുദ്ധം, മിണ്ടാപ്രാണികൾക്കും ദുരിതകാലം; റഷ്യൻ പൂച്ചകൾക്ക് നിരോധനം ഏർപ്പെടുത്തി ഫിഫെ
റഷ്യൻ ബ്രീഡ് പൂച്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇൻ്റർനാഷണൽ ഫെലൈൻ ഫെഡറേഷൻ (ഫിഫെ). വ്യത്യസ്തയിനം പൂച്ചകളുടെ പരിപാലനത്തിനും സംരക്ഷണത്തിനുമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ഫിഫെ. റഷ്യയുടെ ഉക്രയ്ൻ ആക്രമണം ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും നീതീകരിക്കാൻ ആവാത്തതുമാണെന്ന് ഫിഫെ എക്സിക്യൂട്ടീവ് പത്രക്കുറിപ്പിൽ അറിയിച്ചു.
നൂറുകണക്കിന് നിരപരാധികൾ കൊല്ലപ്പെട്ടെന്നും അനേകം പേർക്ക് പരിക്കേറ്റെന്നും ദശലക്ഷക്കണക്കിന് ഉക്രേനിയക്കാൻ ജീവൻ രക്ഷിക്കാൻ ജന്മനാട്ടിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായെന്നും പ്രസ്താവനയിൽ പറയുന്നു. അഭൂതപൂർവമായ ആക്രമണത്തിനും ആൾനാശത്തിനും സ്വത്ത് വകകളുടെ നാശത്തിനും അരാജകത്വത്തിനും ഒരേയൊരു കാരണക്കാർ റഷ്യയാണ്.
റഷ്യൻ ബ്രീഡ് പൂച്ചകളെ ഇറക്കുമതി ചെയ്യരുതെന്ന് ഫെഡറേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മുഴുവൻ സംഘടനകളോടും ആവശ്യപ്പെടുന്നതായി പ്രസ്താവനയിൽ പറയുന്നു. ലോകമെമ്പാടും നടക്കുന്ന എക്സിബിഷനുകളിൽ റഷ്യൻ ബ്രീഡുകളെ പ്രദർശിപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. മെയ് 31 വരെയാണ് നിലവിലുള്ള ഉത്തരവിൻ്റെ കാലാവധി. അതിനുശേഷം സാഹചര്യം വിലയിരുത്തി തുടർനടപടികൾ കൈക്കൊള്ളുമെന്ന് സംഘടന അറിയിച്ചു.