ഖത്തര്‍ ലോകകപ്പ്; 7.5 ബില്യണ്‍ ഡോളര്‍ വരുമാനം നേടി ഫിഫ
2018-22 കാലയളവില്‍ ഫിഫ നേടിയത് 7.5 ബില്യൺ ഡോളറിന്‍റെ വരുമാനം. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട 4 വർഷത്തെ വരുമാനമാണിത്. 2018ലെ റഷ്യൻ ലോകകപ്പ് സർക്കിളിൽ ഫിഫയുടെ വരുമാനം 6.4 ബില്യൺ ഡോളറായിരുന്നു. ഇത്തവണ വരുമാനത്തിൽ 1 ബില്യൺ ഡോളറിലധികം വർദ്ധനവുണ്ടായി. മികച്ച സ്പോൺസർഷിപ്പുകളും ടൂർണമെന്‍റിന്‍റെ കുറഞ്ഞ ചെലവുമാണ് വരുമാനം വർദ്ധിക്കാൻ കാരണം. ഖത്തർ എനർജി, ഖത്തർ എയർവേയ്സ്, ടെലികോം കമ്പനിയായ ഊറിദൂ, ഖത്തർ നാഷണൽ ബാങ്ക് എന്നിവ ലോകകപ്പിനായി ഫിഫയുമായി സഹകരിക്കുന്നുണ്ട്. ഇത്തവണ ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളും 50 കിലോമീറ്റർ ചുറ്റളവിലാണ്. ഇത് യാത്രയുടെയും താമസത്തിന്‍റെയും കാര്യത്തിൽ ചെലവിൽ ഗണ്യമായ കുറവ് വരുത്തി. അടുത്ത 4 വർഷത്തിനുള്ളിൽ ഫിഫയുടെ വരുമാനം 10 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2026 ഫിഫ ലോകകപ്പ് മെക്സിക്കോ, കാനഡ, അമേരിക്ക എന്നിവിടങ്ങളിലാണ് നടക്കുക. ആകെ 42 ടീമുകളാണ് അടുത്ത ലോകകപ്പിൽ മത്സരിക്കുക. 32 ടീമുകളാണ് ഖത്തറിൽ മത്സരിക്കുന്നത്. 440 മില്യൺ ഡോളറാണ് ഫിഫ ഈ വർഷം സമ്മാനത്തുകയായി നൽകുന്നത്. കിരീട ജേതാവിന് 42 മില്യൺ ഡോളർ ലഭിക്കും. രണ്ടാം റണ്ണറപ്പിന് 30 മില്യൺ ഡോളറും മൂന്നാം സ്ഥാനക്കാർക്ക് 27 മില്യൺ ഡോളറും ലഭിക്കും. ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ലോകകപ്പാണിത്. ഫോബ്സിന്‍റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 10 വർഷത്തിനിടെ 220 ബില്യൺ ഡോളറാണ് ഖത്തർ ലോകകപ്പിനായി ചെലവഴിച്ചത്. 1.7 ബില്യൺ ഡോളറാണ് ഫിഫയുടെ ഈ ലോകകപ്പിന്‍റെ ചെലവ്. 2018 ലോകകപ്പിനായി 14.2 ബില്യൺ ഡോളറാണ് റഷ്യ ചെലവഴിച്ചത്.