ഫിഫ ലോകകപ്പ്; ബ്രസീൽ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു, റോബർട്ടോ ഫിർമിനോ പുറത്ത്
റിയോ ഡി ജനീറോ: ഫിഫ ലോകകപ്പിനുള്ള ബ്രസീലിന്‍റെ ടീമിനെ പ്രഖ്യാപിച്ചു. ബ്രസീൽ കോച്ച് ടിറ്റെ 26 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂപ്പർ താരം നെയ്മർ ഉൾപ്പെടെ പ്രതീക്ഷിച്ച മിക്ക താരങ്ങളും ഉൾപ്പെട്ട ടീമിൽ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയുടെ അഭാവം ശ്രദ്ധേയമാണ്. ഈ സീസണിൽ മികച്ച ഫോമിലുള്ള ആഴ്സണലിന്‍റെ ഗബ്രിയേൽ മേഗാലസിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മൂന്ന് ഗോൾകീപ്പർമാർ, എട്ട് ഡിഫൻഡർമാർ, ആറ് മിഡ്ഫീൽഡർമാർ, ഒമ്പത് ഫോർവേഡുകൾ എന്നിവരടങ്ങുന്നതാണ് ടിറ്റെയുടെ ടീം. 26 അംഗ ടീമിൽ 16 പേരുടെ ആദ്യ ലോകകപ്പാണിത്. നെയ്മർ ഉൾപ്പെടെ 10 കളിക്കാർ മുമ്പ് ലോകകപ്പിൽ കളിച്ചിട്ടുണ്ട്. 39 കാരനായ ഡാനിൽ ആൽവ്സാണ് ടീമിലെ കാരണവർ. തിയാഗോ സിൽവ (38), വെവേർട്ടൻ (34) എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. ഗബ്രിയേൽ മാർട്ടിനെല്ലി (21), റോഡ്രിഗോ (22) എന്നിവരാണ് ടീമിലെ ജൂനിയർമാർ.