ഫിഫ ലോകകപ്പ്; ജപ്പാനെ മറികടന്ന് ക്രൊയേഷ്യ, ക്വാർട്ടർ ഫൈനലിൽ

ഖത്തർ: ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ കടന്നു. ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ അവസാന എട്ടിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടിയ മത്സരത്തിൽ ക്രൊയേഷ്യ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഷൂട്ടൗട്ടിൽ വിജയിച്ചു. ആവേശകരമായ പോരാട്ടത്തിൽ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. 43-ാം മിനിറ്റിൽ ഡയസെൻ മയേദയാണ് ജപ്പാന് വേണ്ടി ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റിനുള്ളിൽ ക്രൊയേഷ്യ ഒപ്പമെത്തി. ഡെജാൻ ലോവ്രന്‍റെ ക്രോസിൽ നിന്ന് ഇവാൻ പെരിസിച്ച് ആണ് ക്രൊയേഷ്യയ്ക്കായി ഗോൾ നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകൾക്കും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ മത്സരം നിർണായകമായ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ ജപ്പാന് താളം തെറ്റി. ജാപ്പനീസ് താരങ്ങളായ തകുമി മിനാമിനോ, കവോറു മിറ്റോമോ, മായാ യോഷിദോ എന്നിവരുടെ കിക്കുകൾ ലക്ഷ്യം കണ്ടില്ല. മറുവശത്ത്, ക്രൊയേഷ്യയുടെ 4 കിക്കുകളിൽ മൂന്നെണ്ണം വലയിലെത്തി. ഇതോടെ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പ് വീണ്ടും ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

Related Posts