ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം; പിന്തുണയുമായി രണ്ട് ലക്ഷത്തിലേറെ പേർ
പാരിസ്: ഫിഫ ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഫ്രഞ്ച് വെബ്സൈറ്റായ മെസ് ഒപിനിയൻസ്. ഫൈനലിലെ അർജന്‍റീന-ഫ്രാൻസ് പോരാട്ടം വീണ്ടും നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് 200,000 ലധികം ആളുകൾ അപേക്ഷയിൽ ഒപ്പുവെച്ചു. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം 3-3ന് സമനിലയിലായതോടെ ഷൂട്ടൗട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്‍റീന ലോകകപ്പ് കിരീടം ഉയർത്തിയത്. മത്സരത്തിൽ അർജന്‍റീന നേടിയ ആദ്യ രണ്ട് ഗോളുകളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. അതേസമയം, 'ഫ്രാൻസ് കരയല്ലേ' എന്ന പേരിൽ ഒരു അർജന്‍റീന ആരാധകൻ തയ്യാറാക്കിയ അപേക്ഷയും വൈറലായിരുന്നു. 65,000 ലധികം ആളുകളുടെ പിന്തുണയാണ് വാലന്റിൻ ഗോമസ് എന്നയാളുടെ ക്യാമ്പയിനുള്ളത്. ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി മെസ്സിയെ ഫ്രാൻസ് അംഗീകരിക്കണമെന്ന് വാലന്റിൻ ആവശ്യപ്പെട്ടു. ഫ്രാൻസിൽ ഇതാദ്യമായല്ല ഇത്തരമൊരു നീക്കം. 2020 ൽ ഫ്രാൻസ് യൂറോ കപ്പിൽ പരാജയപ്പെട്ടപ്പോഴും, മത്സരം വീണ്ടും നടത്തണമെന്ന ആവശ്യമുയർന്നിരുന്നു. 2022ലെ യൂറോ കപ്പിൽ ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിനോടാണ് ഫ്രാൻസ് തോറ്റത്.