ഫിഫ ലോകകപ്പ്; പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഫ്രാന്‍സും ഇംഗ്ലണ്ടും, എതിരാളികൾ പോളണ്ടും സെനഗലും
ദോഹ: ലോകകപ്പിലെ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസും ഉഗ്രൻ ഫോമിലുള്ള ഇംഗ്ലണ്ടും ഇന്ന് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി 8.30ന് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയുടെ പോളണ്ടിനെ ഫ്രാൻസ് നേരിടും. കഴിഞ്ഞ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് ആഫ്രിക്കൻ ചാമ്പ്യൻമാരായ സെനഗലിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് സെനഗൽ -ഇംഗ്ലണ്ട് മത്സരം. വിജയിക്കുന്ന ടീമുകൾ ഡിസംബർ 10ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടും. ഫ്രാൻസും പോളണ്ടും 16 തവണ നേർക്കുനേർ വന്നപ്പോൾ ഫ്രാൻസ് എട്ട് തവണയും പോളണ്ട് മൂന്ന് തവണയും വിജയിച്ചു. അഞ്ച് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ഇരുടീമുകളും തോറ്റു. ഫ്രാൻസ് ടുണീഷ്യയോടും പോളണ്ട് അർജന്‍റീനയോടും. ഫ്രാൻസ് ഇറങ്ങാൻ സാധ്യതയുള്ള ശൈലി: 4-2-3-1. ടീമിൽ ആർക്കും പരിക്കില്ല. പോളണ്ടിനെതിരായ അവസാന മൂന്ന് മത്സരങ്ങളിലും ഫ്രാൻസ് ഗോൾ വഴങ്ങിയിട്ടില്ല. പോളണ്ട് 4-4-2 ശൈലിയിൽ ആകും ഇറങ്ങുക. തോൽവിയില്ലാതെയാണ് ഇംഗ്ലണ്ട് പ്രീക്വാർട്ടറിലെത്തിയത്. സെനഗൽ ഒരു തോൽവിയോടെയും. ഇത് രണ്ടാം തവണയാണ് സെനഗൽ ലോകകപ്പിന്‍റെ നോക്കൗട്ട് റൗണ്ടിൽ എത്തുന്നത്. ആഫ്രിക്കൻ ടീമുകൾക്കെതിരായ അവസാന 20 മൽസരങ്ങളിലും ഇംഗ്ലണ്ട് തോറ്റിട്ടില്ല. ഇംഗ്ലണ്ട് ഇറങ്ങാന്‍ സാധ്യതയുള്ള ശൈലി: 4-3-3. സെനഗൽ ഇറങ്ങാൻ സാധ്യതയുള്ള ശൈലി 4-2-3-1.