ഗ്രൗണ്ടിന് പുറത്ത് പോരാട്ടം; കോണ്ടെയ്ക്കും ടുച്ചലിനും ചുവപ്പ് കാർഡ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മോശം പെരുമാറ്റത്തിന് ടോട്ടൻഹാം ഹോട്സ്പർ പരിശീലകൻ അന്‍റോണിയോ കോണ്ടെ, ചെൽസി പരിശീലകൻ തോമസ് ടുച്ചൽ എന്നിവർക്ക് ചുവപ്പ് കാർഡ്. കഴിഞ്ഞ ദിവസം ഇരുടീമുകളും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിനിടെയാണ് പരിശീലകർ ഗ്രൗണ്ടിന് പുറത്ത് 'ഏറ്റുമുട്ടിയത്'. ഞായറാഴ്ച സറ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിനിടെ സ്പർസിന്‍റെയും ചെൽസിയുടെയും പരിശീലകർ രണ്ട് തവണ ഏറ്റുമുട്ടിയിരുന്നു. മത്സരം 2-2ന് സമനിലയിൽ കലാശിച്ചു. 19-ാം മിനിറ്റിൽ കലിദു കുലിബാലിയിലൂടെ ചെൽസി മുന്നിലെത്തിയെങ്കിലും 68-ാം മിനിറ്റിൽ എമിൽ ഹോജെർഗിലൂടെ ടോട്ടൻഹാം സമനില പിടിച്ചു. ഈ ഗോളിന് സെക്കൻഡുകൾക്കു മുൻപാണ് പ്രശ്നങ്ങളുടെ തുടക്കം. ചെൽസിയുടെ കായ് ഹാവെര്‍ട്സ് സ്പർസ് താരം റോഡ്രിഗോ ബെന്റൻകൂർ ഫൗള്‍ ചെയ്തെന്ന പരാതി ഉയർത്തി. പിന്നാലെ ചെല്‍സിയുടെ ബെഞ്ചിലുള്ള താരങ്ങളും പരിശീലകനും പ്രകോപിതരായി. സമനില ഗോള്‍ നേടിയതോടെ ടോട്ടനം പരിശീലകൻ ചെല്‍സി പരിശീലകന്റെ സമീപം ആഘോഷവുമായെത്തിയതും പ്രശ്നങ്ങൾക്കിടയാക്കി. വാർ പരിശോധന പൂർത്തിയാക്കിയാണ് ടോട്ടനത്തിനു ഗോൾ അനുവദിച്ചത്. പക്ഷെ ആഘോഷം അധിക നേരം നീണ്ടു നിന്നില്ല. 77–ാം മിനിറ്റിൽ റീസ് ടോപ്‍ലിയിലൂടെ ചെൽസി വീണ്ടും ലീഡെടുത്തു. ഈ ഗോൾ ചെൽസി പരിശീലകൻ വൻ ആഘോഷമാക്കി മാറ്റി. ചെൽസി വിജയിക്കുമെന്ന് തോന്നിച്ച ഇടത്താണ് ഹാരി കെയ്ൻ ടോട്ടനത്തിനായി സമനില പിടിച്ചത്. എക്സ്ട്രാ ടൈമിലെ ആറാം മിനിറ്റിൽ ഇവാൻ പെരിസിച്ചിന്റെ കോർണർ കിക്കിൽ ഹെഡ് ചെയ്താണ് ഹാരി കെയ്ൻ ടോട്ടനത്തിനായി ഗോൾ നേടിയത്.