സൗദിയില്‍ ചുവടുറപ്പിച്ച് സിനിമാവ്യവസായം; ബോക്‌സ് ഓഫീസ് വില്‍പനയുടെ കണക്കുകള്‍ പുറത്ത്
സൗദി അറേബ്യയില്‍ ബോക്‌സ് ഓഫീസ് വില്‍പനയുടെ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വിറ്റഴിച്ചത് 30.8 മില്ല്യണ്‍ ടിക്കറ്റുകള്‍. 2018ല്‍ സൗദിയിലെ ഫിലിം കമ്മീഷന്‍ 20 നഗരങ്ങളിലായി 518 സ്‌ക്രീനുകളുള്ള 56 തിയേറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നു. 22 സൗദി സിനിമകള്‍ ഉള്‍പ്പെടെ 1,144 സിനിമകള്‍ ഈ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. 38 രാജ്യങ്ങളില്‍ നിന്ന് 22 ഭാഷകളിലായുളള സിനിമകളുടെ ടിക്കറ്റ് വില്‍പ്പനയുടെ കണക്കാണ് 30,860,956.
സൗദിയില്‍ ഏകദേശം 4,439 ആളുകള്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. സിനിമ മേഖലയില്‍ സൗദി യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുളള ഫിലിം കമ്മീഷന്റെ ഫലമായാണ് സിനിമ മേഖലയില്‍ പുരോഗതിയുണ്ടായത്. വിഷന്‍ 2030ന്റെ ഭാഗമാണിതെന്നും സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക, അന്തര്‍ദേശീയ നിക്ഷേപകര്‍ക്ക് സൗദിയുടെ സിനിമാ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ സാധിക്കും. വരും ദിവസങ്ങളില്‍ സിനിമാമേഖല കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുളള ശ്രമങ്ങളുണ്ടാകുമെന്നും സൗദി ഫിലിം കമ്മീഷന്‍ അറിയിച്ചു.