'ധബാരി ക്യുരുവി'യുടെ ചിത്രീകരണം ഇന്ന് തുടങ്ങി; പ്രതീക്ഷ പകർന്ന് പ്രിയനന്ദനൻ്റെ പുതിയ സിനിമ

'സൈലൻസർ' എന്ന ചിത്രത്തിനു ശേഷം പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന 'ധബാരി ക്യുരുവി'യുടെ ഷൂട്ടിങ്ങിന് ഇന്ന് തുടക്കം. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ആദ്യമായി ഗോത്ര വർഗക്കാർ മാത്രം അഭിനയിക്കുന്ന ചിത്രം ഇരുള ഭാഷയാണ് സംസാരിക്കുന്നത്. ചിത്രത്തിൻ്റെ കഥയും സംവിധായകൻ്റേതാണ്.

പ്രിയനന്ദനനൊപ്പം കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ ബി ഹരി, ലിജോ പാണാടൻ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയനന്ദനൻ്റെ മകൻ അശ്വഘോഷനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്ങ് ഏകലവ്യനും സംഗീതം പി കെ സുനിൽ കുമാറും. ആർ കെ രമേഷ് അട്ടപ്പാടി, നൂറ വരിക്കോടൻ എന്നിവരാണ് ഗാനരചന. അജിത് വിനായക ഫിലിംസും ഐവാസ് വിഷ്വൽ മാജിക്കുമാണ് നിർമാണം. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയാ പേജിലൂടെ കഴിഞ്ഞ ദിവസമാണ് ധബാരി ക്യുരുവിയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തത്.

സങ്കൽപ്പിക്കാൻ പോലുമാവാത്ത ജീവിതങ്ങളും അപരിചിതമായ ആനന്ദങ്ങളും ദുഃഖങ്ങളും നമുക്കറിയാത്ത ജൈവപ്രകൃതിയുള്ള മനുഷ്യരുമാണ് ധബാരി ക്യുരുവിയിൽ ഉള്ളതെന്ന് സംവിധായകൻ പറയുന്നു. പരിചിതമായ ആനന്ദങ്ങളേയും ദു:ഖങ്ങളേയും നമ്മുടെയെല്ലാം ജീവിതത്തോട് ചേർത്ത് വായിക്കാവുന്ന ജീവിത പരിസരങ്ങളേയുമല്ല ഈ സിനിമ ദൃശ്യവൽക്കരിക്കുന്നത്. അത്തരം സിനിമകൾ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അതിൽ നിന്ന് വേറിട്ടു നില്ക്കുന്നതാണ് തൻ്റെ പുതിയ ചിത്രം.

ഉള്ളു പൊള്ളിക്കുന്ന നേരിൻ്റെ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടം കലാകാരന്മാരാണ് ചിത്രത്തിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് സംവിധായകൻ പറയുന്നു. പരിചിതമായ ഭ്രമണപഥങ്ങളെ തെറ്റിച്ചുള്ള കലയിലെ സമാന്തര സഞ്ചാരമാണ് അവർ നടത്തുന്നത്. അട്ടപ്പാടിയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിൻ്റെ ലൊക്കേഷൻ.

Related Posts