ഒടുവിൽ തീരുമാനമായി; ഒന്നിച്ചു ജീവിക്കാൻ ജെന്നിഫർ ലോപ്പസും ബെൻ അഫ്ലക്കും !!

അതെ; ഒടുവിൽ അതിന് ഒരു തീരുമാനമായി. ഹോളിവുഡ് സെലിബ്രിറ്റികളായ ജെന്നിഫർ ലോപ്പസും ബെൻ അഫ്ലക്കും ഒന്നിച്ച് ജീവിക്കാൻ ഒരുങ്ങുകയാണ്. ഒരിക്കൽ ഹോളിവുഡിലെ വലിയ വാർത്തകളിൽ ഒന്നായിരുന്നു ഇരുവരുടേയും വിവാഹം. 2003-2004 കാലത്തെ കഥയാണ് പറയുന്നത്. ഒരു വർഷക്കാലത്തെ ഡേറ്റിങ്ങിന് ശേഷം എൻഗേജ്മെൻ്റ് നടത്തി വിവാഹ തീയതി വരെ പ്രഖ്യാപിച്ചതാണ്. എന്നാൽ പിന്നീട് എൻഗേജ്മെൻ്റ് തന്നെ റദ്ദാക്കുകയായിരുന്നു.18 വർഷം മുമ്പ് നടക്കാതെ പോയ സ്വപ്നമാണ് ഇപ്പോൾ സഫലമാകുന്നത്.

തങ്ങൾ ഇപ്പോൾ കൂടുതൽ പ്രായം ചെന്നവരാണെന്നും കൂടുതൽ മിടുക്കരാണെന്നും കൂടുതൽ അനുഭവ പരിചയമുള്ളവരാണെന്നും പീപ്പിൾ മാഗസിന് അനുവദിച്ച അഭിമുഖത്തിൽ ജെന്നിഫർ പറഞ്ഞു. ജീവിതത്തിൻ്റെ വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇപ്പോൾ കഴിയുന്നത്. തങ്ങൾക്ക് മിടുക്കരായ മക്കളുണ്ട്. അവരെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.

52 വയസ്സുള്ള നടിക്ക് ആദ്യ ഭർത്താവായ മാർക്ക് ആൻ്റണിയിൽ 14 വയസ്സുള്ള എമ്മ, മാക്സ് എന്നീ ഇരട്ടക്കുട്ടികളുണ്ട്. 49 കാരനായ അഫ്ലക്കിന് ആദ്യ ഭാര്യ ജെന്നിഫർ ഗാർനറിൽ 16 വയസ്സുള്ള വയലറ്റ്, 13 കാരി സെറാഫിന, 10 വയസ്സുകാരൻ സാമുവൽ എന്നിവർ മക്കളായി ഉണ്ട്.

2002 ജൂലൈയിലാണ് ലോപ്പസും അഫ്ലക്കും ഡേറ്റിംഗ് ആരംഭിച്ചത്. അതേ വർഷം നവംബറിൽ എൻഗേജ്മെൻ്റും നടന്നു. 2003 സെപ്റ്റംബറിൽ വിവാഹം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് വിവാഹം മാറ്റിവെയ്ക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ 2004 ജനുവരിയിൽ എൻഗേജ്മെൻ്റ് തന്നെ അവസാനിപ്പിക്കുകയായിരുന്നു.

Related Posts