ഒടുവിൽ ഭാഗ്യം കാടാക്ഷിച്ചു; 40 വർഷമായി ലോട്ടറി എടുക്കുന്ന 88കാരന് 5 കോടി സമ്മാനം
പഞ്ചാബ് : ഒരു ദിവസം ഭാഗ്യം തേടിയെത്തും എന്ന പ്രതീക്ഷയോടെ സ്ഥിരമായി ലോട്ടറി എടുക്കുന്ന നിരവധി പേരുണ്ട്. ചിലർക്ക് വളരെ ചെറിയ തുകയും, മറ്റ് ചിലർക്കാകട്ടെ ഒന്നും കിട്ടുകയുമില്ല. അപ്പോഴും വളരെ അപൂർവമായി ചിലർക്ക് ഭാഗ്യം ലഭിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഭാഗ്യം കടാക്ഷിച്ച വ്യക്തിയാണ് 88 കാരനായ മഹന്ത് ദ്വാരക ദാസ്. 35 വർഷത്തിലേറെയായി ലോട്ടറി എടുക്കുന്ന അദ്ദേഹത്തിന് 5 കോടി രൂപയാണ് ഇപ്പോൾ സമ്മാനമായി ലഭിച്ചിരിക്കുന്നത്. 1947 ൽ പാകിസ്ഥാനിൽ നിന്നും കുടിയേറി, പഞ്ചാബിലെ ദേരബസിൽ താമസമാക്കിയ വ്യക്തിയാണ് മഹന്ത്. കഴിഞ്ഞ 35-40 വർഷമായി ലോട്ടറി എടുക്കുന്ന താൻ ഇപ്പോൾ വളരെ സന്തോഷവാനാണ് എന്നും, ഈ ലോട്ടറി തുക രണ്ട് ആൺ മക്കൾക്കായി നൽകുമെന്നും അദ്ദേഹം അറിയിച്ചു. ലോട്ടറി ടിക്കറ്റ് എടുക്കാൻ അച്ഛനാണ് ചെറുമകന് പണം നൽകിയതെന്നും, ഞങ്ങൾ എല്ലാവരും സന്തുഷ്ടരാണെന്നുമാണ് മഹന്തിന്റെ മകൻ നരേന്ദർ കുമാർ ശർമ പറഞ്ഞത്.