രാജ്യം ഡിജിറ്റൽ കറൻസിയിലേക്ക്; ഫൈവ് ജി ഇന്റര്‍നെറ്റും ഇ പാസ്‌പോര്‍ട്ടും; എല്ലാ പോസ്റ്റ് ഓഫിസുകളിലും കോര്‍ ബാങ്കിങ്; ബജറ്റ് പ്രഖ്യാപനം
ന്യൂഡല്‍ഹി: ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇതിനായി സ്‌പെക്ട്രം ലേലം നടത്തുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ അറിയിച്ചു.
ഭൂപരിഷ്‌കരണം സാധ്യമാക്കാന്‍ ഒരു രാജ്യം ഒരു രജിസ്‌ട്രേഷന്‍ നടപ്പാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്‌പെഷ്യല്‍ മൊബിലിറ്റി സോണുകള്‍ ആരംഭിക്കും. ഇ പാസ്‌പോര്‍ട്ട് പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കമിടുമെന്നും അവര്‍ അറിയിച്ചു.
പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഈ വര്‍ഷം 80 ലക്ഷം വീടുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. രണ്ടു ലക്ഷം അംഗണവാടികള്‍ ശിശു ആരോഗ്യ കേന്ദ്രങ്ങള്‍ എന്ന നിലയില്‍ അപ്‌ഗ്രേഡ് ചെയ്യുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
എല്ലാ പോസ്റ്റ് ഓഫിസുകളെയും കോര്‍ ബാങ്കിങ് സംവിധാനം വഴി ബന്ധിപ്പിക്കും. തെരഞ്ഞെടുത്ത 75 ജില്ലകളില്‍ ഡിജിറ്റല്‍ ബാങ്കുകള്‍ സ്ഥാപിക്കും.
2022-23 വർഷത്തിൽ ഡിജിറ്റൽ റുപ്പീ പുറത്തിറക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ബ്ലോക്ക് ചെയിൻ, മറ്റ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ റുപ്പീകൾ റിസർവ് ബാങ്ക് പുറത്തിറക്കും. ഇത് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് നൽകുമെന്നും ധനമന്ത്രി പറഞ്ഞു.