ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്; സൺറൈസേഴ്സ് മുൻ താരം പിടിയിൽ
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ഐപിഎൽ ടീം സൺറൈസേഴ്സ് ഹൈദരാബാദ് മുൻ താരം പിടിയിൽ. രഞ്ജി ട്രോഫി മത്സരങ്ങളടക്കം കളിച്ചിട്ടുള്ള നാഗരാജു ബുദുമുരുവിനെയാണ് സൈബർ ക്രൈം പൊലീസ് പിടികൂടിയത്. 2014 മുതൽ 2016 വരെ ആന്ധ്രാപ്രദേശ് രഞ്ജി ട്രോഫി ടീമിൽ കളിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ പേരു പറഞ്ഞ് ഇലക്ട്രോണിക്സ് കമ്പനിയിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ക്രിക്കറ്റ് താരം റിക്കി ഭൂയിയെ സ്പോൺസർ ചെയ്യണമെന്ന് പറഞ്ഞാണ് ഇയാൾ കമ്പനിയെ സമീപിച്ചത്. ഇ-മെയിൽ വഴി വ്യാജ വിവരങ്ങൾ അയച്ചതിന് പിന്നാലെ ക്രിക്കറ്റ് താരത്തെ സ്പോൺസർ ചെയ്യാൻ കമ്പനി മുന്നോട്ട് വന്നു. തുടർന്ന് ആവശ്യപ്പെട്ട 12 ലക്ഷം കൈമാറി. എന്നാൽ പിന്നീട് പ്രതികരണമൊന്നും ലഭിക്കാതായതോടെ കമ്പനി പൊലീസിനെ സമീപിക്കുകയായിരുന്നു. നാഗരാജുവിൽ നിന്ന് 7.5 ലക്ഷം പൊലീസ് പിടിച്ചെടുത്തു. നാഗരാജു ഇന്ത്യൻ ബി ടീമിലും കളിച്ചിട്ടുണ്ട്. 2018ലാണ് തന്‍റെ ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചത്. തട്ടിപ്പിലൂടെ 3.5 കോടിയോളം രൂപ ഇയാൾ സമ്പാദിച്ചതായി പൊലീസ് പറഞ്ഞു. മഹേന്ദ്ര സിങ് ധോണിയുടെ പേരിലും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു.