ലോകത്ത് ഏറ്റവും സന്തോഷമുള്ളവർ ഫിൻലാൻഡുകാർ; അസന്തുഷ്ടർ അഫ്ഗാനികൾ
ലോകത്ത് ഏറ്റവും സന്തോഷത്തോടെ ജനങ്ങൾ ജീവിക്കുന്ന രാജ്യം ഫിൻലാൻഡാണ്. തുടർച്ചയായി അഞ്ചാം വർഷമാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഫിൻലാൻഡ് ഒന്നാം സ്ഥാനം നിലനിർത്തുന്നത്. അമേരിക്ക 16-ാം സ്ഥാനത്തും ബ്രിട്ടൺ 17-ാം സ്ഥാനത്തുമുള്ളപ്പോൾ ഇന്ത്യയുടെ സ്ഥാനം 136 ആണ്. കഴിഞ്ഞ വർഷം 139-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.
ഏറ്റവും അസന്തുഷ്ടരായ ജനത അഫ്ഗാനികളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ലെബനൻ, സിംബാബ് വെ, റുവാൻഡ, ബോട്സ്വാന എന്നിവയാണ് അഫ്ഗാനിസ്താന് ശേഷം പട്ടികയിൽ വരുന്ന അസന്തുഷ്ട രാജ്യങ്ങൾ.
2012 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ സസ്റ്റെയ്നബ്ൾ ഡെവലപ്മെൻ്റ് സൊല്യൂഷൻസ് നെറ്റ് വർക്ക് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്താൻ തുടങ്ങിയത്. നാളിതുവരെ സ്കാൻഡിനേവിയൻ രാജ്യങ്ങളാണ് മുന്നിൽ നിന്നിട്ടുള്ളത്. ഇത്തവണയും ഡെൻമാർക്കിനാണ് രണ്ടാം സ്ഥാനം. ഐസ് ലാൻഡ്, സ്വിറ്റ്സർലാൻഡ്, നെതർലാൻഡ്സ്, ലക്സംബർഗ്, സ്വീഡൻ, നോർവെ, ഇസ്രായേൽ, ന്യൂസിലാൻഡ് എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റു രാജ്യങ്ങൾ.
പ്രതിശീർഷ ജിഡിപി, സാമൂഹ്യ പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, തീരുമാനങ്ങൾ സ്വയം കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം, ഉദാര മനസ്കത, അഴിമതിയെക്കുറിച്ചുള്ള ധാരണ തുടങ്ങി നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് തയ്യാറാക്കുന്നത്. സാധാരണയായി 150 രാജ്യങ്ങളെയാണ് റാങ്ക് ചെയ്യുന്നത്. ഇത്തവണ 146 രാജ്യങ്ങളാണ് പട്ടികയിൽ ഇടം പിടിച്ചത്.