മിസൈൽ മാൻ നൽകിയ അഗ്നിച്ചിറകുകൾ; പൈലറ്റ് എന്ന ലക്ഷ്യത്തിലെത്തി കീർത്തന

കോലഞ്ചേരി : ഒരിക്കൽ ഒരു ഉദ്ഘാടന ചടങ്ങിൽ വച്ച് രാഷ്ട്രപതിയായിരുന്ന എ.പി.ജെ അബ്ദുൾ കലാമിനെ കണ്ടപ്പോൾ പ്ലസ്ടു വിദ്യാർത്ഥിനിയായിരുന്ന കീർത്തന ചോദിച്ചു 'എങ്ങനെ എനിക്ക് പൈലറ്റാവാൻ കഴിയും'? അതിന് ഇഴയുകയല്ല, പറക്കുകയാണ് വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ വാക്കുകൾ കീർത്തനയുടെ തോളിൽ അഗ്നിച്ചിറകുകൾ മുളപ്പിച്ചു. ഇന്ന് വ്യോമസേനയിൽ ഫ്ലൈയിംഗ് ഓഫീസറാണ് കീർത്തന. കോലഞ്ചേരി കാണിനാട് നെടിയപ്പിള്ളി എൻ.സി ബാബുവിന്റെയും, ശ്രീകലയുടെയും മകളായ കീർത്തന സെന്റ്.പീറ്റേഴ്‌സ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ശേഷം പാലക്കാട് എൻ.എസ്. എസ് എൻഞ്ചിനീയറിംഗ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിന് ചേർന്നു. ഒരുപക്ഷേ പൈലറ്റാവാൻ സാധിക്കാതെ പോയാൽ മറ്റൊരു ജോലി നേടുന്നതിന് വേണ്ടിയായിരുന്നു ആ തീരുമാനം. എന്നാൽ ആകാശ സ്വപ്നങ്ങൾ അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കീർത്തന തയ്യാറായില്ല. വിമാനത്തിന്റെ കോക്ക്പിറ്റിൽ ഇരിക്കാനുള്ള പഠനം പൂർത്തിയാക്കി. 5 ദിവസത്തെ ഇന്റർവ്യൂ, എഴുത്ത് പരീക്ഷ, ഗ്രൂപ്പ്‌ ചർച്ച, എല്ലാം കടന്ന് 2021 സെപ്റ്റംബറിൽ ഹൈദരാബാദ് ഡുണ്ടിഗൽ എയർഫോഴ്സ് അക്കാദമിയിൽ പഠനം തുടർന്നു. ഒന്നര വർഷത്തെ പരിശീലനം പൂർത്തിയാക്കിയ കീർത്തന ഇന്ന് ബാംഗ്ലൂർ യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷനിൽ കമ്മീഷൻഡ് ഫ്ലൈയിംഗ് ഓഫീസറാണ്.

Related Posts