മെഡിക്കൽ സീറ്റുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു: നാളെ മുതൽ പ്രവേശനം നേടാം
എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർത്ഥികളുടെ സീറ്റ് അലോട്ട്മെന്റ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. www.cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ സീറ്റ് അലോട്ട്‌മെന്റ് ഫലം പരിശോധിക്കാവുന്നതാണ്.
കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച താൽക്കാലിക അലോട്ട്മെന്റ് സംബന്ധിച്ച പരാതികൾ പരിഹരിച്ചാണ് ആദ്യ ഘട്ട അലോട്ട്മെന്റ് പുറത്തുവിട്ടത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് നാളെ മുതൽ പ്രവേശനം നേടാം. ഓഗസ്റ്റ് 8 വരെയാണ് പ്രവേശനം നേടാനാവുക. വിദ്യാർത്ഥികൾ ഔദ്യോഗിക പോർട്ടൽ വഴി ഫീസ് അടയ്‌ക്കാവുന്നതാണ്.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ 2023ലെ ഒന്നാം വർഷ എം.ബി.ബി.എസ്. കോഴ്സിലേക്കുള്ള പ്രവേശനത്തിന് എൻട്രൻസ് കമ്മീഷണറിൽ നിന്നും അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഓഗസ്റ്റ് 5ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ക്യാമ്പസിലെ COK യിലും ഓഗസ്റ്റ് 7, 8 തീയതികളിൽ ഓൾഡ് ഓഡിറ്റോറിയത്തിലും രാവിലെ 10ന് പ്രവേശനത്തിന് എത്തിച്ചേരണമെന്ന് അറിയിച്ചു. ഒറിജിനൽ രേഖകളും രണ്ട് ശരി പകർപ്പുകളും സഹിതവുമാണ് ഹാജരാകേണ്ടത്.