ആദ്യ മുലപ്പാൽ ബാങ്കിന് ഒന്നാം പിറന്നാൾ; 1,400 അമ്മമാരുടെ സ്നേഹം
കോഴിക്കോട്: 1,400 അമ്മമാർ നൽകിയ സ്നേഹമൂറും മുലപ്പാൽ ജീവൻ നൽകിയത് 1813 കുഞ്ഞുങ്ങൾക്ക്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാൽ ബാങ്ക്, മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്ക് ആശ്വാസം നൽകുന്നു. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ആദ്യമായി ആരംഭിച്ച കോഴിക്കോട്ടെ മുലപ്പാൽ ബാങ്ക് ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. ഇതുവരെ 1,26,225 മില്ലി ലിറ്റർ മുലപ്പാൽ ശേഖരിച്ചിട്ടുണ്ട്. പാസ്ച്ചുറൈസേഷന്‍ ചെയ്തു അണുവിമുക്തമാക്കിയ 1,16,315 മില്ലി ലിറ്റർ പാൽ 14,000 ത്തിലധികം തവണ വിതരണം ചെയ്തു. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ മുലപ്പാല്‍ ലഭ്യമല്ലാത്ത കുഞ്ഞുങ്ങൾക്കാണ് ഇത് നൽകുന്നത്. ഐസിയുവിൽ കഴിയുന്ന കുട്ടികൾക്ക് മുൻഗണന നൽകും. കുഞ്ഞിന് വളർച്ച കുറവ്, ഭാരക്കുറവ്, അമ്മമാരുടെ പകർച്ചവ്യാധികൾ, വെന്‍റിലേറ്ററുകളിൽ കഴിയാനുള്ള സാഹചര്യങ്ങൾ, മരണം, മതിയായ പാൽ ഉൽപാദനത്തിന്‍റെ അഭാവം, പ്രസവശേഷം അമ്മയും കുഞ്ഞും വെവ്വേറെ ആശുപത്രികളിൽ കഴിയേണ്ടിവരുന്ന സാഹചര്യങ്ങൾ എന്നിവയിലാണ് ഇവിടെ നിന്ന് പാൽ വിതരണം ചെയ്യുന്നത്. ഈ ആശുപത്രിയിൽ തന്നെ പ്രസവിച്ച അമ്മമാരും ആശുപത്രിയിലും പരിസരത്തും ജോലി ചെയ്യുന്ന മുലയൂട്ടുന്ന അമ്മമാരുമാണ് ഈ കേന്ദ്രത്തിന്‍റെ മികവിന് പിന്നിൽ. അസുഖം കാരണം സ്വന്തം കുഞ്ഞിന് മുലപ്പാൽ കുടിക്കാൻ കഴിയുന്നില്ലെങ്കിൽ അമ്മമാർക്കും പാൽ ദാനം ചെയ്യാം. ഇത് ആവശ്യക്കാർക്ക് പൂർണ്ണമായും സൗജന്യമായാണ് നൽകുന്നത്.