ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസ്സ് തന്നെ: മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം അഞ്ച് വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഞ്ചുവയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുന്നതാണ് വളരെക്കാലമായി നിലനിൽക്കുന്ന സമ്പ്രദായം. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം വർദ്ധിപ്പിക്കാൻ കഴിയൂ. കുട്ടികളെ അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസിൽ ചേർക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് അടുത്ത അധ്യയന വർഷത്തിലും അവസരം നൽകാനാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം (2020) അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് പ്രായ മാനദണ്ഡം നടപ്പാക്കാൻ നിർദ്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ മാസം സംസ്ഥാനങ്ങൾക്ക് കത്തെഴുതിയിരുന്നു. എന്നാൽ കേന്ദ്രം 'നിർബന്ധിത നടപ്പാക്കൽ' ആവശ്യപ്പെട്ടിട്ടില്ലെന്നും അങ്ങനെ നിർദ്ദേശിച്ചാൽ പരിഗണിക്കാമെന്നുമാണ് സംസ്ഥാനത്തിന്‍റെ നിലപാട്. കേരളത്തിന്‍റെ വിദ്യാഭ്യാസ മാതൃക രാജ്യത്തിനാകെ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ഫെഡറൽ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കാനുള്ള എല്ലാ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിയാണ് കേരളം സ്കൂൾ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത്. അതിന് അതിന്‍റെതായ ഗുണവും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.