ചരിത്രത്തിലാദ്യം; 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നേവി
ന്യൂഡൽഹി: അഗ്നിവീർ പദ്ധതിയിലൂടെ 341 വനിതാ നാവികരെ റിക്രൂട്ട് ചെയ്യാൻ നാവികസേന. നാവികസേനാ മേധാവി ആർ ഹരികുമാർ ആണ് ഇക്കാര്യം അറിയിച്ചത്. അഗ്നിവീർ പദ്ധതിയുടെ ഭാഗമായി 3,000 അഗ്നിവീറുകളെ നിയമിക്കും. ഇതിൽ 341 പേർ സ്ത്രീകളാണ്. ആകെ 10 ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്. ഇതിൽ 82,000 പേർ വനിതാ അപേക്ഷകരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് പ്രക്രിയ പുരുഷന്മാർക്കും വനിതകൾക്കും ഒരുപോലെയായിരുന്നു. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ടെസ്റ്റുകൾ നടത്തിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജെൻഡർ ന്യൂട്രാലിറ്റി ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി സേനയിൽ വനിതാ ഫൈറ്റർ പൈലറ്റുമാരെയും എയർ ഓപ്പറേഷൻമാരെയും മുൻപ് നിയമിച്ചിരുന്നു. വരും വർഷങ്ങളിലും സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്തുമെന്നും നാവികസേനാ മേധാവി കൂട്ടിച്ചേർത്തു.