ഗുജറാത്തിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ്; ഇന്ന് നിശബ്ദ പ്രചാരണം
ഗുജറാത്ത്: ഗുജറാത്തിൽ നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഇന്ന് നിശബ്ദ പ്രചാരണം. ഒന്നാം ഘട്ടത്തിൽ 89 മണ്ഡലങ്ങളിലേക്ക് ആണ് വോട്ടെടുപ്പ് നടക്കുക. വാശിയേറിയ പോരാട്ടത്തിന് വേദിയായേക്കാവുന്ന ഒട്ടുമിക്ക മണ്ഡലങ്ങളിലും ആദ്യ ഘട്ടത്തിലാണ് വോട്ടെടുപ്പ്. സൗത്ത് ഗുജറാത്ത്, കച്ച് സൗരാഷ്ട്ര മേഖലകളിലായി 19 ജില്ലകളിലാണ് തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിൽ ജനവിധി തേടുന്നത് 788 സ്ഥാനാർഥികളാണ്. സൂറത്ത് ഈസ്റ്റിലെ സ്ഥാനാർഥി നാടകീയമായി പത്രിക പിൻവലിച്ചതിനാൽ 88 മണ്ഡലങ്ങളിലാണ് ആം ആദ്‌മി പാർട്ടി സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത്. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗഡ്‍വിയും പാർട്ടി സംസ്ഥാന അധ്യക്ഷനും അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നുണ്ട്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാബ മത്സരിക്കുന്ന ജാം നഗർ നോർത്ത്, തൂക്കുപാലം തകർന്ന് ദുരന്തം ഉണ്ടായ മോർബി എന്നിങ്ങനെ ശ്രദ്ധേയമായ മത്സരം നടക്കുന്ന നിരവധി മണ്ഡലങ്ങൾ ആദ്യ ഘട്ട തിരഞ്ഞെടുപ്പിനുണ്ട്. ഡിസംബർ അഞ്ചിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുക.