ആദ്യം കാവിക്കൊടി, പിന്നെ മനുഷ്യനെന്ന് പ്രചാരണം; മലകയറിയ വനംവകുപ്പ് കണ്ടത് ടെഡിബിയർ

ചെറുതോണി: പാൽക്കുളംമേട്ടിന് മുകളിൽ കാവിക്കൊടി കണ്ടുവെന്നായിരുന്നു ആദ്യത്തെ വാർത്ത. പിന്നീട് അവിടെ മനുഷ്യനുണ്ടെന്നായി പ്രചാരണം. ആരെങ്കിലും കുടുങ്ങിയതാവാം എന്ന് കരുതി പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും മല മുകളിലെത്തിയപ്പോൾ കണ്ടത് ഹൈഡ്രജൻ ബലൂൺ. പാൽക്കുളം മലമുകളിൽ ആരോ കാവിക്കൊടി സ്ഥാപിച്ചിട്ടുണ്ടെന്നും രാത്രിയിൽ ടോർച്ചിന്‍റെ പ്രകാശം കണ്ടെന്നുമാണ് പൊലീസിന് സന്ദേശം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തിയെങ്കിലും മലമുകളിലെത്താൻ കഴിഞ്ഞില്ല. പാറപ്പുറത്ത് എന്തോ കാവി നിറത്തിലുള്ള വസ്തു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു ഡെപ്യൂട്ടി റേഞ്ചർ ജോജി എം ജേക്കബിന്‍റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ ഏറെ ബുദ്ധിമുട്ടിയാണ് സ്ഥലത്തെത്തിയത്. പരിശോധനയിൽ കുട്ടികളുടെ കളിപ്പാട്ടമായ ടെഡിബിയർ ഹൈട്രജൻ ബലൂൺ ആണെന്ന് കണ്ടെത്തുകയായിരുന്നു. തുടർച്ചയായി പെയ്യുന്ന മഴയ്ക്കിടയിൽ പായലുള്ള വഴുതുന്ന ചെങ്കുത്തായ പാറയിലൂടെ വളരെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ മലമുകളിലെത്തിയത്. പാലക്കാട് കുറുമ്പാച്ചിമലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയതുപോലെ പാൽകുളം മേട്ടിലും ആരോ കുടുങ്ങിയതായി വാർത്ത വ്യാപിച്ചു. ഇതറിഞ്ഞ് നിരവധിപേർ സ്ഥലത്തെത്തിയിരുന്നു. കാവിക്കൊടിയായും മനുഷ്യ രൂപമായും തോന്നിയത് ഹൈഡ്രജൻ ബലൂൺ ആണെന്നറിഞ്ഞപ്പോൾ ജനക്കൂട്ടം പിരിഞ്ഞുപോയി.

Related Posts