പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ്; ഇന്ത്യയുടെ പെൺപുലികൾക്ക് മികച്ച തുടക്കം

ബെനോനി (ദക്ഷിണാഫ്രിക്ക): പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യയുടെ പെൺപുലികൾക്ക് മികച്ച തുടക്കം. ആവേശകരമായ ആദ്യ മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യ പരാജയപ്പെടുത്തി. 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 21 പന്ത് ബാക്കി നിൽക്കെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. അർധസെഞ്ചറി നേടിയ ഓപ്പണർ ശ്വേത സെഹ്റാവത്താണ് ഇന്ത്യയുടെ വിജയശിൽപി. ശ്വേത 57 പന്തിൽ 92 റൺസെടുത്ത് പുറത്താകാതെ നിന്നു. 20 ബൗണ്ടറികളോടെ 92 റൺസാണ് ശ്വേത നേടിയത്. ക്യാപ്റ്റൻ കൂടിയായ സഹ ഓപ്പണർ ഷെഫാലി വർമ 45 റൺസെടുത്ത് പുറത്തായി. 16 പന്തിൽ 9 ബൗണ്ടറികളും ഒരു സിക്സും ഉൾപ്പെടെ 45 റൺസാണ് ഷെഫാലി നേടിയത്. ഓപ്പണിങ് വിക്കറ്റിൽ ഷെഫാലിയും ശ്വേതയും ചേർന്ന് 43 പന്തിൽ 77 റൺസ് കൂട്ടിച്ചേർത്തു. 11 പന്തിൽ 15 റൺസെടുത്ത ഗോംഗാദി തൃഷയും 14 പന്തിൽ 10 റൺസെടുത്ത സൗമ്യ തിവാരിയുമാണ് പുറത്തായ മറ്റു താരങ്ങൾ . മൂന്നാം വിക്കറ്റിൽ ശ്വേതയും സൗമ്യ തിവാരിയും അർധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ചേർന്ന് 36 പന്തിൽ നിന്ന് 59 റൺസ് നേടി.

Related Posts