പ്രഥമ വനിതാ പ്രീമിയർ ലീഗ്; ബാംഗ്ലൂരിന് തുടർച്ചയായ നാലാം തോൽവി

മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ബാംഗ്ലൂരിന് നാലാം തോൽവി. ഇന്നലെ ബാംഗ്ലൂരിനെ 10 വിക്കറ്റിനാണ് യുപി വാരിയേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 19.3 ഓവറിൽ 138 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി 13 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 139 റൺസെടുത്തു. 47 പന്തിൽ നിന്ന് 96 റൺസെടുത്ത അലീസ ഹീലിയാണ് യുപിയുടെ ടോപ് സ്കോറർ. യുപിയുടെ ദേവിക വൈദ്യ 31 പന്തിൽ നിന്ന് 36 റൺസ് നേടി. യുപിക്ക് വേണ്ടി സോഫി എക്ലസ്റ്റൻ നാലു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റിങ് ലഭിച്ച ബാംഗ്ലൂരിന് നാലാം ഓവറിൽ തന്നെ ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ വിക്കറ്റ് നഷ്ട്ടമായി. സോഫി ഡിവൈനും എലിസ് പെറിയും നന്നായി ബാറ്റ് ചെയ്തെങ്കിലും എക്ലസ്റ്റൻ ഡിവൈനെ പുറത്താക്കി കൂട്ടുകെട്ട് തകർത്തു. ഡിവൈൻ 24 പന്തിൽ 36 റൺസെടുത്തു. എലിസ് പെറി 39 പന്തിൽ 52 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ യുപി തുടക്കം മുതൽ ആക്രമിച്ചു. 18 ഫോറും ഒരു സിക്സും ഉൾപ്പെടെ 96 റൺസാണ് ഹീലി നേടിയത്. ഏഴ് ബോളർമാരെ സ്മൃതി പരീക്ഷിച്ചെങ്കിലും കൂട്ടുകെട്ട് തകർക്കാൻ കഴിഞ്ഞില്ല.



Related Posts