മികച്ച മത്സ്യ കര്‍ഷകനുള്ള ആദരം വൈശാഖിന് വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ കൈമാറി.
കൂട് മത്സ്യക്കൃഷിയിലൂടെ നേട്ടം കൊയ്ത് പൊയ്യക്കാരനായ വൈശാഖ് എന്ന യുവ കര്‍ഷകന്‍.
പൊയ്യ:
മത്സ്യ കൃഷിയിലൂടെ നേട്ടം കൊയ്ത് ശ്രദ്ധേയനാവുകയാണ് പൊയ്യ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന കെ യു വൈശാഖ് എന്ന ഇരുപത്തി നാലുകാരന്‍. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെ ഓരു ജല കൂടു മത്സ്യ കൃഷിയാണ് വൈശാഖ് ചെയ്യുന്നത്. തന്റെ മത്സ്യ കൃഷിക്ക് ഇക്കഴിഞ്ഞ മത്സ്യ കര്‍ഷക ദിനത്തില്‍ വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എയുടെ കയ്യില്‍ നിന്നും മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയതിന്‍റെ സന്തോഷത്തിലാണിപ്പോള്‍ വൈശാഖ്.
2019ലാണ് കൂട് മത്സ്യകൃഷിക്ക് തുടക്കം കുറിക്കുന്നത്. ജി ഐ പൈപ്പ് ഉപയോഗിച്ച് ചതുരാകൃതിയില്‍ ഫ്രെയിം ഉണ്ടാക്കി അതിനകത്തു മത്സ്യങ്ങളെ വളര്‍ത്തുന്നതിനായി നെറ്റ് സംവിധാനമൊരുക്കി. പുഴയില്‍ ഇത് പൊന്തിക്കിടക്കുന്നതിനായി പ്ലാസ്റ്റിക് ഡ്രമ്മുകളും ഉപയോഗിച്ച് മീന്‍ വളര്‍ത്തുന്ന കൃഷിരീതിയാണ് കൂട് മത്സ്യ കൃഷി. മീന്‍ വളര്‍ത്തുന്നതിനായി ചതുരാകൃതിയിലുണ്ടാക്കിയ കൂടുകള്‍ പുഴയിലും മറ്റും ഇറക്കി മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന രീതിയാണിത്. മത്സ്യങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ തീറ്റകൊടുത്ത് കൂടുതല്‍ ഉല്‍പാദനം ഈ രീതിയിലൂടെ നേടാം എന്നതാണ് കൂട് മത്സ്യ കൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത. സ്വന്തമായി കുളമോ ടാങ്കോ ഇല്ലാത്തവര്‍ക്കും ഈ രീതിയിലൂടെ മത്സ്യം വളര്‍ത്താം.
മത്സ്യക്കുഞ്ഞുങ്ങള്‍ എട്ട് മുതല്‍ പത്ത് മാസം വരെയുള്ള പരിപാലനത്തിന് ശേഷമാണ് വില്‍പനക്ക് തയ്യാറാവുക. ചെമ്പല്ലി, കരിമീന്‍, കാളാഞ്ചി എന്നിവയാണ് വൈശാഖ് പ്രധാനമായി കൃഷി ചെയ്തു വരുന്ന മത്സ്യ ഇനങ്ങള്‍. വളര്‍ച്ചയെത്തിയ മത്സ്യങ്ങളെ മാര്‍ക്കറ്റ് വിലയില്‍ വിവിധ ഷോപ്പുകളിലെത്തിച്ചാണ് വില്‍പന നടത്തുന്നത്. അത്യാവശ്യക്കാര്‍ തേടി വരുമ്പോള്‍ നേരിട്ടും മീന്‍ കൊടുക്കാറുണ്ടെന്ന് വൈശാഖ് പറയുന്നു.
ഫിഷറീസ് വകുപ്പിന്‍റെ പരിശീലന ക്ലാസുകള്‍ കൂട് മത്സ്യക്കൃഷി ആരംഭിക്കുന്നതിലും മുന്നോട്ട് കൊണ്ട് പോകുന്നതിലും ഏറെ സഹായകരമായെന്ന് വൈശാഖ് പറഞ്ഞു. ആലുവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്ട്രേഷന്‍ ആന്റ് മാനേജ്മെന്റില്‍ ഇതിനായി മൂന്ന് ദിവസത്തെ ട്രെയിനിങ് ഉണ്ടായിരുന്നു. മത്സ്യകൃഷിക്ക് വേണ്ട സബ്സിഡിയടക്കമുള്ള ആനുകൂല്യങ്ങളും സഹകരണവും ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ലഭിക്കുന്നതിനാല്‍ നല്ല രീതിയില്‍ മത്സ്യകൃഷി ചെയ്യാനും അതിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്താനും കഴിയുന്നു.
പ്ലസ് ടു പഠനത്തിന് ശേഷം മറ്റ് ജോലികള്‍ ചെയ്തു വന്നിരുന്ന വൈശാഖിന് 2018 ലാണ് മത്സ്യകൃഷിയോട് താല്‍പര്യം വരുന്നത്. പരിചയത്തിലുള്ള കുറച്ചു പേര്‍ മത്സ്യം വളര്‍ത്തുന്നത് നോക്കി മനസിലാക്കി. അതിന് ശേഷമാണ് സ്വന്തമായി മീന്‍ വളര്‍ത്തല്‍ ആരംഭിക്കുന്നത്. ഇത്തരമൊരു സംരംഭത്തിന് വൈശാഖിന് വേണ്ട എല്ലാ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. ഭാര്യ ശരണ്യയും കുഞ്ഞും അച്ഛനും അമ്മയും അടങ്ങുന്നതാണ് വൈശാഖിന്‍റെ കുടുംബം.