മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വ അപേക്ഷ ഓണ്‍ലൈനിലൂടെ: മന്ത്രി സജി ചെറിയാന്‍
മത്സ്യബന്ധനവും അനുബന്ധ പ്രവർത്തികളും മുഖ്യതൊഴിലാക്കിയ എല്ലാവർക്കും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നൽകുന്നതിലേയ്ക്കായി ഇനി ഓണ്‍ലൈന്‍ മുഖാന്തിരവും അപേക്ഷ നല്‍കാമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
വളരെ ലളിതവും സുതാര്യവുമായ രീതിയിൽ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സംവിധാനം www.fims.kerala.gov.in എന്ന വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ അപേക്ഷയുടെ ടോക്കൺ നമ്പർ ലഭിക്കുകയും അപേക്ഷയുടെ പകർപ്പ് എടുത്ത് സൂക്ഷിക്കാവുന്നതുമാണ്.
പ്രസ്തുത ടോക്കൺ നമ്പർ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും അപേക്ഷയുടെ നിലവിലെ അവസ്ഥ അപേക്ഷകന് സ്വയം പരിശോധിക്കാവുന്നതുമാണ്.
2022 ജനുവരി 1 മുതൽ സ്വീകരിക്കുന്ന അനുബന്ധത്തൊഴിലാളി രജിസ്ട്രേഷനുള്ള അപേക്ഷ ഉൾപ്പെടെ കേരള ഫിഷർമെൻ വെൽഫയർ ഫണ്ട് ബോർഡിലെ അംഗത്വത്തിനുള്ള എല്ലാ അപേക്ഷയും ഇനിമുതൽ ഓണ്‍ലൈന്‍ ആയി സമർപ്പിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.