കടലോരവാസികൾക്ക് സ്വന്തം ഹാർബർ; മുനക്കക്കടവ് ഫിഷ് ലാന്റിങ് സെൻ്റർ ഹാർബർ ആക്കി ഉയർത്തും

ചാവക്കാട്: തീരദേശ മേഖലയായ ചാവക്കാട് താലൂക്കിലെ മുനക്കക്കടവ് ഫിഷ് ലാന്റിങ് സെൻ്റർ ഹാർബർ ആക്കി ഉയർത്താൻ തീരുമാനിച്ചു. ഫിഷ് ലാന്റിങ് സെന്ററിനെ ആശ്രയിച്ച് ജീവിക്കുന്ന പ്രദേശവാസികളായ ആയിരത്തിൽപ്പരം കുടുംബങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു സെന്ററിനെ ഹാർബറാക്കി ഉയർത്തണമെന്നത്. നിലവിലെ ഫിഷ് ലാന്റിങ് സെൻ്റർ പ്രവർത്തിക്കുന്നത് 88 സെൻ്റ് സ്ഥലത്താണ്. ഹാർബറാക്കി ഉയർത്തണമെങ്കിൽ കുറഞ്ഞത് രണ്ടര ഏക്കർ സ്ഥലമെങ്കിലും ആവശ്യമാണ്. അതിനാലാണ് പരിസരത്തെ സ്ഥലം ഏറ്റെടുത്ത് ഹാർബർ യാഥാർത്ഥ്യമാക്കാൻ തീരുമാനിച്ചത്.

ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് വേണ്ട നടപടികൾ ആരംഭിക്കുന്നതിനായി ഫിഷറീസ്, ഹാർബർ, റവന്യു, ട്രേഡ് യൂണിയൻ ഭാരവാഹികൾ എന്നിവരുമായി എൻ കെ അക്ബർ എം എൽ എ യോഗം വിളിച്ചു ചേർത്തു. സ്ഥലമുടമകളുടെ ആവശ്യങ്ങളും നിർദേശങ്ങളും അനുഭാവപൂർവ്വം പരിഗണിച്ച് സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം. ഹാർബർ നിർമാണവുമായി ബന്ധപ്പെട്ട് ജൂൺ രണ്ടിന് ഫിഷറീസ് ആന്റ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാന് എൻ കെ അക്ബർ എംഎൽഎ നിവേദനം നൽകിയിരുന്നു. സെപ്റ്റംബർ 16ന് മന്ത്രി നേരിട്ടെത്തി സ്ഥലം സന്ദർശിച്ചു.

ഫിഷ് ലാന്റിങ് സെൻ്റർ ഹാർബറാക്കി ഉയർത്തണമെന്നും അതിനോടനുബന്ധിച്ച് പുതിയ ലേലപ്പുര, പ്ലാറ്റ്ഫോം, ശുചിമുറി സമുച്ചയം, വാഹന പാർക്കിംഗ് ഏരിയ എന്നിവ നിർമ്മിക്കുക, ലേലപ്പുരയിലെ റ്റ്യൂബ് ലൈറ്റുകൾ മാറ്റി എൽഇഡി ലൈറ്റുകളാക്കുക, ടൈൽസ് പുതുക്കി സ്ഥാപിക്കുക, ഫിഷ് ലാന്റിങ് സെൻ്ററിലെ മിനി മാസ്റ്റ് ലൈറ്റ് എൽഇഡിയാക്കി മാറ്റുക, നിലവിലെ ലേലപ്പുരയിലെ രണ്ട് ലേലത്തറകൾ പൊളിച്ചുമാറ്റി സൗകര്യങ്ങൾ ഉണ്ടാക്കുക, വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നാട്ടുകാർ മന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു.  മുനക്കക്കടവ് ഫിഷ് ലാന്റിങ് സെൻ്ററിൽ സമഗ്ര വികസനം നടപ്പിലാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹാർബറാക്കി ഉയർത്താനുള്ള നടപടികൾ ആരംഭിക്കുന്നത്.

ഇതോടെ മുനക്കകടവ് ഫിഷ് ലാന്റിങ് സെൻ്ററിനെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവന മാർഗത്തിനാണ് ആശ്വാസമാകുന്നത്. സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി പരിസരത്തെ പുറംമ്പോക്ക് സ്ഥലം കണ്ടെത്തുന്നതിന് സർവ്വെ നടത്തുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഫിഷ് ലാന്റിങ് സെൻ്ററിനോട് ചേർന്നുള്ള പ്രദേശങ്ങളിലെ കടൽഭിത്തികളുടേയും പുലിമുട്ടുകളുടേയും നിർമാണം ഉടൻ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി മാജാ ജോസ്, ഹാർബർ എഞ്ചിനിയറിംങ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ പി വി പാവന, എ ഇ മാരായ കെ സി രമ്യ, എം കെ സജീവൻ, ട്രേഡ് യൂണിയൻ നേതാക്കൾ എന്നിവരുടെ പൂർണ സഹകരണത്തോടെയാണ് ഹാർബർ എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്.

Related Posts