പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അഞ്ച് കിലോ അരി
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 സ്കൂളുകളിലെ പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്ക് അഞ്ച് കിലോ അരി വീതം വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. വിതരണത്തിനാവശ്യമായ അരി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് (സപ്ലൈകോ) നേരിട്ട് സ്കൂളുകളിൽ എത്തിക്കും. സ്കൂളുകളിലേക്ക് അരി എത്തിക്കുന്നതിനുള്ള ചെലവിനായി പദ്ധതിയുടെ സംസ്ഥാന വിഹിതത്തിൽ നിന്ന് 71.86 ലക്ഷം രൂപ ചെലവഴിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതിയും നൽകി. മധ്യവേനലവധിക്ക് സ്കൂളുകൾ അടയ്ക്കുന്നതിനുമുമ്പ് അരിവിതരണം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.