ബാങ്കുകളിൽ ആഴ്ചയിൽ അഞ്ച് ദിവസം പ്രവൃത്തിദിനം; കേന്ദ്ര പരിഗണനയിലേക്ക്
തൃശൂർ: ബാങ്ക് മാനേജ്മെന്‍റുകളുടെ കോ-ഓർഡിനേഷൻ ഫോറമായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ബാങ്ക് ജീവനക്കാരുടെ സംഘടനകളും ശനിയാഴ്ച കൂടി അവധി ദിനമാക്കി രാജ്യത്തുടനീളമുള്ള ബാങ്കുകളിൽ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കി മാറ്റാൻ ധാരണയിലേക്ക്. ക്ലയന്‍റുകളുടെ സേവന സമയവും ജോലി സമയവും കുറയ്ക്കാത്ത വിധത്തിൽ പരിഹാരം കണ്ടെത്തിയാൽ, രണ്ട് ശനിയാഴ്ചകൾക്ക് കൂടി അവധിയും ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾ എന്നതും അനുകൂലമായി പരിഗണിക്കുമെന്ന് ഐബിഎ വ്യക്തമാക്കി. അരമണിക്കൂർ നേരത്തേ ജോലി തുടങ്ങാമെന്ന് സംഘടനാ പ്രതിനിധികൾ സമ്മതിച്ചിട്ടുണ്ട്. വിഷയം വീണ്ടും ചർച്ച ചെയ്ത് കേന്ദ്ര സർക്കാരിന് വിടാനാണ് ധാരണ. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ്, നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് വർക്കേഴ്സ്, ഇന്ത്യൻ നാഷണൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകളുടെ പ്രതിനിധികളാണ് ചർച്ച നടത്തിയത്.