ഫ്ലോസി ഇനി ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പൂച്ച; വയസ് 26
ബ്രിട്ടൻ: ബ്രിട്ടനിലെ ഫ്ലോസി ഇനി ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പൂച്ച. തെക്കുകിഴക്കൻ ലണ്ടൻ നഗരമായ ഓർപിംഗ്ടണിലെ താമസക്കാരിയാണ് 26 കാരിയായ ഫ്ലോസി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഏറ്റവും പ്രായം കൂടിയ പൂച്ച എന്ന പട്ടം ഫ്ലോസിക്ക് ലഭിച്ചു. ഒരു മനുഷ്യന്‍റെ 120 വയസിന് തുല്യമായ പ്രായമാണിതെന്ന് സംഘാടകർ പറഞ്ഞു. പൂച്ചകളുടെ പുനരധിവാസ പദ്ധതി പ്രകാരം പുനരധിവസിപ്പിച്ചതിന് ശേഷം ഫ്ലോസിയെ "അത്ഭുതകരമായ പൂച്ച" എന്നാണ് ഉടമ വിക്കി ഗ്രീൻ വിശേഷിപ്പിച്ചത്. പ്രായാധിക്യം കാരണം ഫ്ലോസിക്ക് ഇപ്പോൾ കാഴ്ച കുറവാണ്. കേൾവിയും കുറവാണ്. എന്നാൽ അവൾ എല്ലായ്പ്പോഴും കളിച്ചു ചിരിച്ചാണ് ഇരിക്കുന്നതെന്ന് വിക്കി കൂട്ടിച്ചേർത്തു. "ഫ്ലോസി ഒരു പ്രത്യേക പൂച്ചയാണെന്ന് എനിക്ക് തുടക്കം മുതലേ അറിയാമായിരുന്നു," തന്‍റെ വളർത്തു പൂച്ചയോടുള്ള ഇഷ്ടം മറച്ചുവെക്കാതെ ഗ്രീൻ പറഞ്ഞു. ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമയായി അവൾ എന്‍റെ വീട് പങ്കിടുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ഗ്രീൻ കൂട്ടിച്ചേർത്തു. ഇത്രയേറെ വയസ്സായെന്ന് ഓർക്കുമ്പോൾ, അവളോട് ഒരു പ്രത്യേക ഇഷ്ടം തോന്നുമെന്നും ഗ്രീൻ പറയുന്നു.