സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം പ്രതിസന്ധിയിലെന്ന് ഭക്ഷ്യമന്ത്രി
പൊതുജനങ്ങൾക്ക് സൗജന്യമായുള്ള ഭക്ഷ്യക്കിറ്റ് വിതരണം പ്രതിസന്ധിയിലെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. എന്നാൽ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് കാല പ്രതിസന്ധി മുൻനിർത്തിയാണ് എല്ലാവർക്കും സൗജന്യമായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. സാമ്പത്തിക പരിമിതികൾ മൂലം പദ്ധതി പ്രതിസന്ധി നേരിടുന്നുണ്ട്.
മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്തണമെന്ന് പല കേന്ദ്രങ്ങളിൽ നിന്ന് നിർദേശങ്ങൾ ഉയർന്നിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി. മുൻഗണനാ, മുൻഗണനേതര വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളേയും ഒന്നായി കണ്ടാണ് സർക്കാർ സൗജന്യമായി ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു പോരുന്നത്. ആരും പട്ടിണി കിടക്കരുത് എന്ന നല്ല ഉദ്ദേശ്യമാണ് അതിനു പിന്നിലുള്ളത്.