മംഗളൂരുവിൽ ഭക്ഷ്യവിഷബാധ; 137 നഴ്‌സിംഗ് വിദ്യാർഥികൾ ചികിത്സയിൽ
മംഗളൂരു: മംഗളൂരു ശക്തി നഗറിലെ നഴ്സിംഗ് കോളേജിൽ 137 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ഹോസ്റ്റൽ മെസിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഹോസ്റ്റൽ ഭക്ഷണം കഴിച്ച വിദ്യാർത്ഥികൾക്ക് തലവേദനയും വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെയാണ് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിയാണ് കോളേജ് അധികൃതർ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിവരം അറിയിച്ചത്. പൊലീസ് കമ്മിഷണർ എൻ.ശശികുമാർ ആശുപത്രിയിലെത്തി വിദ്യാർഥികളെ സന്ദർശിച്ചു. രക്ഷിതാക്കളുടെ അഭ്യർത്ഥന മാനിച്ചാണ് കുട്ടികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയത്.