സുരക്ഷിത ഭക്ഷണം നൽകാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്; 12 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസ്.

തൃശ്ശൂർ:

ജനങ്ങൾക്ക് ശുചിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌ക്വാഡ് പരിശോധന ആരംഭിച്ചു.  ജില്ലയിൽ കുന്നംകുളം, ചാവക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ, തൃശൂർ ശക്തൻ മാർക്കറ്റ് എന്നിവ കേന്ദ്രീകരിച്ച് മത്സ്യ മാർക്കറ്റുകൾ ഭക്ഷ്യസുരക്ഷാ സ്ക്വാഡ് പരിശോധിച്ച് മത്സ്യത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തു. വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മത്സ്യം എത്തിക്കുന്ന വാഹനങ്ങൾ ഉൾപ്പെടെ 210 മത്സ്യ പരിശോധനകൾ നടത്തി. 20 സർവൈലൻസ് മത്സ്യ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പാലിന്റെ ഗുണമേന്മ പരിശോധിക്കുന്നതിനായി വിവിധ ബ്രാഞ്ചുകളിൽ നിന്നായി 15 സാമ്പിളുകൾ ശേഖരിച്ച്  പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു. പഴം, പച്ചക്കറി, കുടിവെള്ളം എന്നിവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിവിധഭാഗങ്ങളിൽ പഴം, പച്ചക്കറി കടകൾ, സൂപ്പർമാർക്കറ്റുകൾ, പലചരക്ക് കടകൾ, ബേക്കറികൾ എന്നിവ പരിശോധിച്ചു. ജൂൺ മാസത്തിൽ 25 ബേക്കറികൾ, 19 സൂപ്പർമാർക്കറ്റുകൾ, 22 പഴം, പച്ചക്കറി കടകൾ, 16 ഹോട്ടലുകൾ എന്നിവ പരിശോധിക്കുകയും ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം നടത്തിയ 12 സ്ഥാപനങ്ങൾക്കെതിരെ കോമ്പൗണ്ടിംഗ് നോട്ടീസ് കൊടുക്കുകയും ചെയ്തു. 22 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 36 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ജൂൺ മാസത്തിൽ 2 പ്രോസിക്യൂഷൻ കേസുകളും 10 അഡ്‌ജ്യൂഡിക്കേഷൻ കേസുകളും ഫയൽ ചെയ്തതായി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.

Related Posts