സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം നിർബന്ധമാക്കി: ആരോഗ്യ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് എഫ് എസ് എസ് ആക്ട് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എഫ്എസ്എസ് നിയമപ്രകാരം, ഭക്ഷണം പാചകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഭക്ഷ്യസുരക്ഷാ പരിശീലനം (ഫോസ്റ്റാക്) നേടണം. അടപ്പിച്ച സ്ഥാപനങ്ങൾ തുറക്കുമ്പോൾ മറ്റ് പോരായ്മകൾ പരിഹരിക്കുന്നതിനൊപ്പം എല്ലാ ജീവനക്കാരും രണ്ടാഴ്ചയ്ക്കുള്ളിൽ ഭക്ഷ്യസുരക്ഷാ പരിശീലനവും നേടണം. ശാസ്ത്രീയ പരിശീലനത്തിലൂടെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് പഠിക്കാനും സ്ഥാപനത്തെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനും കഴിയും. കൂടാതെ ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ അടുത്തിടെ അടച്ചുപൂട്ടിയ 35 ഹോട്ടലുകളിലെ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഫോസ്റ്റാക്ക് പരിശീലനം നൽകി. ഈ സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരുമടക്കം 110 ഓളം പേർ പങ്കെടുത്തു. എഫ്എസ്എസ് ആക്ട് പ്രകാരം ഷെഡ്യൂൾ നാലിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിശീലനത്തിന്‍റെ ലക്ഷ്യം. സ്ഥാപനം അടച്ചുപൂട്ടാനുള്ള സാഹചര്യവും അത് പരിഹരിക്കാനുള്ള മാർഗവും ചർച്ച ചെയ്തു. ജീവനക്കാരുടെ ചോദ്യങ്ങൾക്കും ഉദ്യോഗസ്ഥർ മറുപടി നൽകി.