മെസ്സിയെ കാത്ത് പാരീസ്.

പി എസ് ജിയിൽ എത്തുന്ന ലയണൽ മെസ്സിക്ക് ഉജ്വല വരവേൽപ്പ് നൽകാൻ കാത്ത് ആരാധകർ.

പാരീസ്: ബാഴ്സലോണയുമായുള്ള 21 വർഷത്തെ ബന്ധം അവസാനിപ്പിച്ച് പി എസ് ജിയിൽ എത്തുന്ന ലയണൽ മെസ്സിക്ക് ഉജ്വല വരവേൽപ്പ് നൽകാൻ പി എസ് ജി ആരാധകർ. അർജന്റീന മുന്നേറ്റക്കാരൻ ഇന്ന്‌ പാരിസിൽ എത്തും. രണ്ടു വർഷത്തേക്കാകും പ്രഥമ കരാർ. നീട്ടാനുള്ള ഉപാധിയുമുണ്ട്. ആരോഗ്യ പരിശോധനയ്‌ക്കു ശേഷം പി എസ് ജിയുമായി കരാറിൽ ഒപ്പിടും. പിന്നാലെ മുപ്പത്തിനാലുകാരനെ ഔദ്യോഗികമായി അവതരിപ്പിക്കും. ഈഫൽ ഗോപുരത്തിൽ മെസ്സിയുടെ ചിത്രങ്ങളും പേരും ഉൾപ്പെടുത്തി ദൃശ്യവിരുന്നുമൊരുക്കും. മെസ്സി എത്തിയെന്ന വ്യാജവാർത്ത പരന്നതിനു പിന്നാലെ പാരീസ് വിമാനത്താവളത്തിൽ ആയിരങ്ങൾ തടിച്ചുകൂടി. മെസ്സിയുടെ പേര് മുഴക്കിയാണ് ആഹ്ലാദം. ഇതിനിടെ മെസ്സിയുടെ പി എസ് ജി പ്രവേശനം സാമ്പത്തിക നിയമങ്ങൾ ലംഘിച്ചുള്ളതാണെന്ന് കാട്ടി ബാഴ്സയുടെ ഒരുകൂട്ടം ആരാധകർ യൂറോപ്യൻ കായിക തർക്ക പരിഹാര കോടതിയിൽ ഹർജി സമർപ്പിച്ചു.

ടീമിൽ തുടരാൻ ആഗ്രഹിച്ചെങ്കിലും സ്പാനിഷ് ഫുട്ബോൾ ലീഗിലെ സാമ്പത്തിക ചട്ടങ്ങൾ തിരിച്ചടിച്ചതിനാൽ ബാഴ്സലോണയിൽ തുടരാൻ മെസ്സിക്കായില്ല.

Related Posts