ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിക്ക് ചാവക്കാട് നഗരസഭയില്‍ തുടക്കം
തീരപ്രദേശങ്ങള്‍ മാലിന്യ മുക്തമാക്കുന്ന 'ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചാവക്കാട് നഗരസഭയില്‍ തുടക്കം. പൊതുജനങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണം, പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണവും പുനരുപയോഗവും, തുടര്‍ ക്യാമ്പയിന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി സംഘടിപ്പിക്കുന്നത്. തീരദേശ മേഖലയിലെ 5 വാര്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ക്ലീന്‍ കേരള മിഷന്‍, എന്നിങ്ങനെ വിവിധ വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പരിസരത്ത് നഗരസഭ ചെയര്‍പേഴ്സണ്‍ ഷീജ പ്രശാന്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തീരദേശ വാര്‍ഡുകളിലെ കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളുടെ ആഭിമുഖ്യത്തില്‍ മെഴുകുതിരി ജാഥ സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ കബീര്‍, കെ സി മണികണ്ഠന്‍, ഗിരിജ പ്രസാദ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ ജീന രാജീവ്, വൈസ് ചെയര്‍പേഴ്സണ്‍ സാജിത സലാം, കുടുംബശ്രീ എഡിഎസ് ഭാരവാഹികള്‍, നഗരസഭ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.