ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ ചെല്ലാം; ചൈന നിയന്ത്രണങ്ങൾ പിൻവലിച്ചു
ബെയ്ജിങ്: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അനുമതി. രണ്ട് വർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്കൊടുവിലാണ് ചൈന ഇളവുകൾ പ്രഖ്യാപിച്ചത്. ഇന്ത്യൻ വിദ്യാർത്ഥികളെ ചൈനയിലേക്ക് സ്വാഗതം ചെയ്യുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനയിൽ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥികൾ കൊവിഡിനെത്തുടർന്ന് നാട്ടിൽ തിരിച്ചെത്തി പഠനം തുടരാനാകാതെ വിഷമിക്കുന്ന സാഹചര്യത്തിലാണ് തിരികെച്ചെല്ലാൻ ചൈനയുടെ അനുമതി. നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീണ്ടും വീസ അനുവദിക്കാനുള്ള തീരുമാനം തിങ്കളാഴ്ചയാണ് ചൈന പ്രഖ്യാപിച്ചത്. "ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ. നിങ്ങളുടെ ക്ഷമ ഒടുവിൽ ഫലം കണ്ടു. നിങ്ങളുടെ സന്തോഷവും ആവേശവും എനിക്ക് മനസ്സിലാകും. ചൈനയിലേക്ക് വീണ്ടും സ്വാഗതം," ചൈനീസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥ ജി റോംഗ് ട്വീറ്റ് ചെയ്തു. വിദ്യാർഥികൾക്കും ബിസിനസ്സുകാർക്കും ചൈനയിൽ ജോലി ചെയ്യുന്ന ആളുകളുടെ കുടുംബാംഗങ്ങൾക്കും വീണ്ടും വിസ അനുവദിക്കാനുള്ള തീരുമാനത്തിന്‍റെ വിശദാംശങ്ങളും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.