1.63 കോടി കര്‍ഷകര്‍ക്ക് താങ്ങുവില നേരിട്ട്, നെല്ലും ഗോതമ്പും സംഭരിക്കാൻ 2.37 ലക്ഷം കോടി; ബജറ്റ് പ്രഖ്യാപനം

ന്യൂഡല്‍ഹി: നെല്ലും ഗോതമ്പും സംഭരിക്കുന്നതിനായി കാര്‍ഷിക മേഖലയ്ക്ക് 2.37 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 1.63 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് താങ്ങുവില നേരിട്ട് കൈമാറുന്നതിനാണ് തുക വകയിരുത്തിയത്. സംഭരണത്തിന് പേപ്പര്‍രഹിത ഇ-ബില്‍ സംവിധാനം ഏര്‍പ്പെടുത്തും. സംഭരണവുമായി ബന്ധപ്പെട്ട മന്ത്രാലയമാണ് പുതിയ സംവിധാനത്തിന് തുടക്കമിടുക. 2021-21 റാബി സീസണില്‍ 1208 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് സംഭരിക്കുക. ഖാരിഫ് സീസണില്‍ ഇത്രയും തന്നെ നെല്ലും സംഭരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് നബാര്‍ഡ് വഴി നിക്ഷേപ പദ്ധതി നടപ്പാക്കും. ചെറുകിട മേഖലയ്ക്കും ചെറുകിട കര്‍ഷകര്‍ക്കുമായി റെയില്‍വേ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കും. ജൈവ കൃഷിയെയും നൂതന കൃഷി രീതികളെയും പ്രോത്സാഹിപ്പിക്കുന്നതിന് കാര്‍ഷിക സര്‍വകലാശാലകളുടെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിള നിര്‍ണയത്തിന് ഡ്രോണ്‍ സംവിധാനം ഒരുക്കും. ഭൂവസ്തുക്കളുടെ റെക്കോര്‍ഡുകള്‍ക്കും കീടനാശിനികളും പോഷക ഘടകങ്ങളും വിളകളില്‍ തളിക്കുന്നതിനും ഡ്രോണുകളെ പ്രയോജനപ്പെടുത്താവുന്നതാണ്. ജലസേചന പദ്ധതികള്‍ക്കായി വിവിധ നദീസംയോജന പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.

Related Posts