ജീവിതസൗകര്യത്തിനായി പാടഭൂമികൾ നികത്തുന്ന പ്രവണത തിരുത്തണം: മന്ത്രി ആർ ബിന്ദു
നെല്‍കൃഷിയ്ക്കും തെങ്ങ് കൃഷിയ്ക്കും സാധ്യതയുണ്ടായിരുന്ന കേരളത്തില്‍ ആധുനിക ജീവിത സൗകര്യത്തിൻ്റെ പേരില്‍ പാടഭൂമികള്‍ നികത്തുന്ന പ്രവണത തിരുത്തണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി പ്രൊഫ ആർ ബിന്ദു. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയ്ക്ക് തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും മന്ത്രി. പൂമംഗലം പഞ്ചായത്തിൻ്റെ തരിശ് രഹിത പൂമംഗലം പദ്ധതിയുടെ ഭാഗമായി പതിനേഴ് വര്‍ഷം തരിശായി കിടന്നിരുന്ന വലിയകോള്‍ പാടത്ത് നെല്‍കൃഷി ആരംഭിക്കുന്നതിൻ്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
എടക്കുളം പടിഞ്ഞാറെ പാടശേഖരസംഘത്തിൻ്റെ നേതൃത്വത്തില്‍ 20 ഏക്കറോളം വരുന്ന തരിശ് ഭൂമിയിലാണ് പദ്ധതിയുടെ ഭാഗമായി പുഞ്ചക്കൃഷിയിറക്കുന്നത്.
അവുണ്ടറ ചാൽ പടന്ന സമുദായ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയ ലക്ഷ്മി വിനയചന്ദ്രന്‍ മുഖ്യാതിഥിയായി. അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ മുഹമ്മദ് ഹാരിസ് പി ഐ പദ്ധതി വിശദീകരണം നടത്തി. പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കവിത സുരേഷ്, കൃഷി ഓഫീസര്‍ പി പി ദ്യുതി, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാന്മാരായ സുരേഷ് അമ്മനത്ത്, ടി എ സന്തോഷ്, ഹൃദ്യ അജീഷ്, കത്രീന ജോര്‍ജ്ജ്, പഞ്ചായത്തംഗം സുനില്‍കുമാര്‍ പട്ടിലപ്പുറം, പൂമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗോപിനാഥ്, കര്‍ഷക കൂട്ടായ്മ പ്രതിനിധി ഇ വി സുബ്രഹ്‌മണ്യന്‍ എന്നിവർ പങ്കെടുത്തു.