86 വര്‍ഷത്തിനിടെ ആദ്യം ; കംഗാരുവിന്റെ ആക്രമണത്തിൽ 77-കാരൻ മരിച്ചു

സിഡ്‌നി: ഓസ്ട്രേലിയയിൽ ഓമനിച്ചു വളര്‍ത്തിയ കംഗാരുവിന്‍റെ ആക്രമണത്തിൽ 77കാരൻ മരിച്ചു. ഓസ്ട്രേലിയൻ പൊലീസാണ് സംഭവം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പെർത്തിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള റെയ്മണ്ടിലെ വീട്ടിൽ 77 കാരനെ ഗുരുതര പരിക്കുകളോടെ ബന്ധുവാണ് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ സംഘത്തെ വിളിച്ചുവരുത്തി. എന്നാൽ, മെഡിക്കൽ സംഘത്തെ ഇദ്ദേഹത്തിന്റെ അടുത്ത് എത്തി ചികിത്സ നൽകാൻ കംഗാരു അനുവദിച്ചില്ല. ഇതോടെ കംഗാരുവിനെ വെടിവച്ച് കൊല്ലാൻ തങ്ങൾ നിർബന്ധിതരായെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ആക്രമിക്കപ്പെട്ട വ്യക്തി അപ്പോഴേക്കും മരിച്ചിരുന്നു. ഓസ്ട്രേലിയയിൽ ഏകദേശം 50 ദശലക്ഷം കംഗാരുക്കളുണ്ടെന്നാണ് കണക്ക്. ഇവയ്ക്ക് 90 കിലോഗ്രാം വരെ ഭാരവും പരമാവധി രണ്ട് മീറ്റർ വരെ ഉയരവുമുണ്ട്. മൂർച്ചയുള്ള പല്ലുകളും നഖങ്ങളുമുള്ള ജീവികളാണെങ്കിലും, ഇത്രയും ഗുരുതരമായ രീതിയിൽ ആക്രമിക്കുന്നത് വളരെ അപൂർവമാണ്. 1936ന് ശേഷം ഇതാദ്യമായാണ് കംഗാരു ഓസ്ട്രേലിയയിൽ ഒരാളെ ആക്രമിച്ച് കൊല്ലുന്നത്.

Related Posts